Source :- SIRAJLIVE NEWS
പത്തനംതിട്ട| അഞ്ചു കുരുന്നുകള്‍ക്ക് പുതുജീവനേകിയ ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ പത്തനംതിട്ട മല്ലപ്പള്ളിയിലെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്ത മാതാപിതാക്കളേയും കുടുംബത്തേയും നേരില്‍ക്കണ്ട് മുഖ്യമന്ത്രി സംസാരിച്ചു. കോഴിക്കോട് ചേവായൂരില്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന അവയവദാന ഇന്‍സ്റ്റിറ്റ്യൂട്ടിന് ആലിന്റെ പേര് നല്‍കുന്ന കാര്യം പരിഗണിച്ച് വരികയാണെന്നും മുഖ്യമന്ത്രി ആലിന്റെ മാതാപിതാക്കളെ അറിയിച്ചു.
മുഖ്യമന്ത്രിയ്ക്കൊപ്പം മന്ത്രി വീണാ ജോര്‍ജും സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും ആലിന്റെ വീട്ടിലെത്തി. ഇന്നലെ വൈകീട്ട് 3.30നാണ് കുഞ്ഞിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. സംസ്‌കാര ചടങ്ങിന് സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ സജി ചെറിയാന്‍, വീണാ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുണ്‍ എബ്രഹാമിന്റെയും ഷെറിന്‍ ആന്‍ ജോണിന്റെയും മകളാണ് ആലിന്‍. അമ്മ ഷെറിന്‍ ആന്‍ ജോണിനും മറ്റു ബന്ധുക്കള്‍ക്കുമൊപ്പം ആലിന്‍ സഞ്ചരിച്ച കാര്‍ കഴിഞ്ഞ അഞ്ചിനാണ് എംസി റോഡില്‍ പള്ളം ബോര്‍മ കവല ജങ്ഷനുസമീപം എതിര്‍ദിശയില്‍നിന്നെത്തിയ കാറുമായി കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.



