Source :- SIRAJLIVE NEWS
മനാമ | രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ഗ്ലോബല്‍ സമ്മിറ്റ് മെയ് നാളെയും മറ്റന്നാളുമായി (മെയ് ഒമ്പത് വെള്ളി, 10 ശനി) ബഹ്റൈനില്‍ നടക്കും. 22 നാഷനലുകളില്‍ നിന്ന് 200ല്‍ പരം പ്രതിനിധികള്‍ സംബന്ധിക്കുന്ന സമ്മിറ്റില്‍ വ്യത്യസ്ത പഠനങ്ങളും ചര്‍ച്ചകളും അവതരണങ്ങളും നടക്കും. സമ്മിറ്റിന്റെ ഒന്നാം ഘട്ടം മെയ് 4, 5 തീയതികളില്‍ ഓണ്‍ലൈനില്‍ നടന്നു. കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. പേരോട് അബ്ദുറഹ്മാന്‍ സഖാഫി ചര്‍ച്ചാ സെഷനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പ്രവാസി വിദ്യാര്‍ഥികളും യുവതയും അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളിലുള്ള ആശയ സംവേദന വേദിയായി ഗ്ലോബല്‍ സമ്മിറ്റ് മാറും.
ശനിയാഴ്ച വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീല്‍ അല്‍ ബുഖാരി, സെക്രട്ടറി മജീദ് കക്കാട്, ഐ സി എഫ് ഇന്റര്‍നാഷനല്‍ ജനറല്‍ സെക്രട്ടറി നിസാര്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിക്കും.
സമ്മിറ്റിലെ വിവിധ സെഷനുകള്‍ക്ക് സാദിഖ് വെളിമുക്ക്, അബ്ദുല്ല വടകര, സി ആര്‍ കുഞ്ഞുമുഹമ്മദ്, ഡോ. അബൂബക്കര്‍, സാബിര്‍ സഖാഫി, ടി എ അലി അക്ബര്‍, ജാബിര്‍ അലി, ചെമ്പ്രശേരി അബ്ദുറഹ്മാന്‍ സഖാഫി, സിറാജ് മാട്ടില്‍, നിസാര്‍ പുത്തന്‍പള്ളി, അബ്ദുല്‍ അഹദ്, സകരിയ ശാമില്‍ ഇര്‍ഫാനി, ഹബീബ് മാട്ടൂല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.