Source :- SIRAJLIVE NEWS
കോട്ടയം | സിപിഎമ്മുമായി അകന്ന നടനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസ് വേദിയില്‍ പ്രത്യക്ഷപ്പെട്ടു. കോട്ടയം നാഗമ്പടത്ത് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കെപിസിസിയുടെ സംസ്‌കാര ഉത്സവ് 2026 എന്ന പരിപാടിയിലാണ് പ്രേംകുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്തത്. അതേ സമയം പരിപാടിയില്‍ പങ്കെടുത്തതില്‍ രാഷ്ട്രീയമില്ലെന്നാണ് പ്രേംകുമാര്‍ പ്രതികരിച്ചത്
ചലച്ചിത്ര അക്കാദിമി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും നീക്കിയതിന് പിറകെ ഇടതുപക്ഷവുമായി അകന്ന പ്രേംകുമാറിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം അണിയറ നീക്കം നടത്തുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് നടന്‍ കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്തിരിക്കുന്നത്
പ്രേംകുമാറിനെ കഴക്കൂട്ടം മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം പദ്ധതിയിടുന്നവെന്നാണ് അറിയുന്നത്. കഴിഞ്ഞദിവസം പ്രേംകുമാറുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഫോണില്‍ സംസാരിച്ചിരുന്നു.നടനെ പാര്‍ട്ടിയില്‍ എത്തിച്ച ശേഷം സ്ഥാനാര്‍ഥിത്വത്തില്‍ തീരുമാനമെടുക്കാമെന്നാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി കഴിഞ്ഞ ദിവസം പ്രേംകുമാര്‍ രംഗത്തെത്തിയിരുന്നു.തുടര്‍ ഭരണം വേണ്ടെന്ന് പറഞ്ഞ് സര്‍ക്കാരിനെ വിമര്‍ശിച്ച കവി സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാതിരിക്കുകയും തന്നെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് തിരക്കിട്ട് നീക്കിയതും ഇരട്ട നീതിയെന്നായിരുന്നു പ്രേംകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.



