Home LATEST NEWS malyalam പുതിയ വാർത്ത അബൂദബി പുസ്തകമേളയിൽ അപൂർവ കയ്യെഴുത്ത് പ്രതികൾ

അബൂദബി പുസ്തകമേളയിൽ അപൂർവ കയ്യെഴുത്ത് പ്രതികൾ

3
0

Source :- SIRAJLIVE NEWS

അബൂദബി|പൗരാണിക കയ്യെഴുത്ത് പ്രതികൾ അബൂദബി രാജ്യാന്തര പുസ്തകമേളയെ ആകർഷകമാക്കുന്നു. ഇബ്‌നു സീനയുടെ വൈദ്യശാസ്ത്രത്തിന്റെ പതിനാലാം നൂറ്റാണ്ടിലെ അപൂർവമായ കയ്യെഴുത്ത് പ്രതിയാണ് അവയിലൊന്ന്. 464,550 ദിർഹം വിലയുള്ളതാണിത്. അഡ്നിക്കിൽ ആരംഭിച്ച മേള മെയ് അഞ്ച് വരെയാണ് നടക്കുക. പ്രശസ്ത പുസ്തക വ്യാപാരിയായ പീറ്റർ ഹാരിംഗ്ടണാണ് മേളയിലേക്ക് പൗരാണിക കൃതികൾ എത്തിച്ചത്. മധ്യകാല ഇസ്്ലാമിക, ആഗോള വൈദ്യശാസ്ത്ര പരിജ്ഞാനത്തിന്റെ അടിത്തറയായ ഇബ്‌നു സീനയുടെ സൃഷ്ടിയുടെ 1000-ാം വാർഷികവുമാണിത്.

ഈ വർഷത്തെ മേളയിൽ 96 രാജ്യങ്ങളിൽ നിന്ന് 1,400 പ്രദർശകർ പങ്കെടുന്നു. സാഹിത്യം, പ്രസിദ്ധീകരണം, സർഗവ്യവസായങ്ങൾ, സാംസ്‌കാരിക സംവാദം എന്നിങ്ങനെ 2,000-ലധികം പ്രവർത്തനങ്ങൾ അവതരിപ്പിക്കും. 7,500 പൗണ്ട് (36,675 ദിർഹം) വിലയുള്ള ഒരു അമേരിക്കൻ നോവലിൽ അറബി ലിപി ആദ്യമായി പ്രത്യക്ഷപ്പെട്ടത് കാണാം. 19-ാം നൂറ്റാണ്ടിലെ ഒരു ഈജിപ്ഷ്യൻ എഴുത്തുകാരൻ സൃഷ്ടിച്ച ഒരു അപൂർവ അറബി-ഇംഗ്ലീഷ് പദസമുച്ചയ വിസ്മയമാണിത്.

1835-ൽ കെയ്റോയിലെ ബുലാഖ് പ്രസ്സിൽ നിർമിച്ച, അറബ് ലോകത്ത് അച്ചടിച്ച ആയിരത്തൊന്ന് രാവുകളുടെ ആദ്യത്തെ സമ്പൂർണ അറബി പതിപ്പിന്റെ പകർപ്പും പീറ്റർ അവതരിപ്പിക്കുന്നു. “അറബി കാലിഗ്രാഫി, ഇസ്്ലാമിക തത്ത്വചിന്ത, ആദ്യകാല ശാസ്ത്ര ഗ്രന്ഥങ്ങൾ, വ്യാപാര ഭൂപടങ്ങൾ, ആദ്യകാല ഭാഷാ ഗൈഡുകൾ തുടങ്ങി ഡയസ്‌പോറിക് പൈതൃക വസ്തുക്കളിൽ ഞങ്ങൾക്ക് ശക്തമായ താൽപ്പര്യമുണ്ട്.’ പീറ്റർ ഹാരിംഗ്ടണിലെ വിൽപ്പന ഡയറക്ടർ ബെൻ ഹ്യൂസ്റ്റൺ കൂട്ടിച്ചേർത്തു.

അറിവ് നമ്മുടെ സമൂഹത്തെ പ്രകാശിപ്പിക്കുന്നു എന്ന വിഷയത്തിലാണ് ഈ വർഷത്തെ മേള. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ രക്ഷാകർതൃത്വത്തിലാണ് ഇത് നടക്കുന്നത്.