Home LATEST NEWS malyalam പുതിയ വാർത്ത സ്ത്രീ സുരക്ഷക്കായി നിയമങ്ങള്‍ക്കൊപ്പം മാധ്യമങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കണം: സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷ

സ്ത്രീ സുരക്ഷക്കായി നിയമങ്ങള്‍ക്കൊപ്പം മാധ്യമങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കണം: സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷ

9
0

Source :- SIRAJLIVE NEWS

പത്തനംതിട്ട | മാധ്യമങ്ങള്‍ വാര്‍ത്തയുടെ നിജസ്ഥിതി മനസിലാക്കി ഇടപെടുകയും സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാനുള്ള സമീപനവുമാണ് സ്വീകരിക്കേണ്ടതെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. സംസ്ഥാന വനിതാ കമ്മീഷന്‍ പത്തനംതിട്ടയില്‍ സംഘടിപ്പിച്ച മാധ്യമ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അധ്യക്ഷ.

സ്ത്രീ സുരക്ഷയ്ക്കായി നിയമങ്ങള്‍ക്കൊപ്പം മാധ്യമങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വിഷയത്തില്‍ ശക്തമായ നിലപാട് എടുക്കുന്ന തരത്തിലേക്ക് മാറണം. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗരേഖ എന്ന പേരില്‍ 2022 ല്‍ കൈപുസ്തകം തയ്യാറാക്കി പ്രസിദ്ധീകരിച്ച് വനിത കമ്മീഷന്‍ സര്‍ക്കാരിന് കൈമാറി. മാധ്യമങ്ങള്‍ മാതൃകപരമായ രീതിയില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യണം. സ്ത്രീപക്ഷ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന സന്ദര്‍ഭത്തില്‍ തിരുത്ത് അനിവാര്യമായ സാഹചര്യമുണ്ടായിട്ടുണ്ടെന്നും അധ്യക്ഷ പറഞ്ഞു.

സംസ്ഥാനത്തെ തീരദേശം, ഗോത്ര, പ്ലാന്റേഷന്‍ മേഖലകളില്‍ കമ്മീഷന്റെ നേതൃത്തില്‍ സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഗാര്‍ഹികം, തൊഴിലിടം തുടങ്ങി വിവിധ മേഖലയില്‍ സത്രീക്ക് പരിരക്ഷ നല്‍കാനുള്ള സംരക്ഷണ നിയമം നിലവിലുണ്ട്. പാര്‍ശ്വവല്‍കരിക്കപ്പെട്ട സാഹചര്യങ്ങളില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് പരാതി നല്‍കുന്നതിനായി എല്ലാ ജില്ലകളിലും പ്രതിമാസം കമ്മീഷന്‍ പബ്ലിക് ഹിയറിംഗ് നടത്തുന്നുണ്ട്. വനിതാ കമ്മീഷന്റെ പ്രവര്‍ത്തനത്തിലൂടെ സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങളെ അഭിമുഖികരിക്കാനും തരണം ചെയ്യാനും സാധിക്കുന്നുണ്ട്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പല പ്രശ്‌നങ്ങളിലും കമ്മീഷന്‍ ഇടപെടുന്നുണ്ട്. സാമൂഹിക പ്രതിബദ്ധതയോടെയാണ് മാധ്യമങ്ങള്‍ ഓരോ വിഷയവും സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് എത്തിക്കുന്നത്. സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങളെപറ്റി ബോധ്യമുള്ളവരാക്കി മാറ്റുന്ന മാധ്യമപ്രവര്‍ത്തനമാണ് ശില്‍പശാലയുടെ ലക്ഷ്യമെന്നും അധ്യക്ഷ കൂട്ടിച്ചേര്‍ത്തു. വനിതാ കമ്മീഷന്‍ അംഗം അഡ്വ. എലിസബേത്ത് മാമ്മന്‍ മത്തായി അധ്യക്ഷത വഹിച്ചു.