Home LATEST NEWS malyalam പുതിയ വാർത്ത സുഡാനിലെ ദര്‍ഫുറില്‍ ആശുപത്രിക്കു നേരെ ആക്രമണം; 64 പേര്‍ കൊല്ലപ്പെട്ടു

സുഡാനിലെ ദര്‍ഫുറില്‍ ആശുപത്രിക്കു നേരെ ആക്രമണം; 64 പേര്‍ കൊല്ലപ്പെട്ടു

11
0

Source :- SIRAJLIVE NEWS

ദര്‍ഫുര്‍ (സുഡാന്‍) | സുഡാനില്‍ ദര്‍ഫുര്‍ മേഖലയിലെ ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തില്‍ 64 പേര്‍ കൊല്ലപ്പെട്ടു. ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) യുടെ തലവന്‍ ടെഡ്രോസ് അഡാനോം ഗെബ്രെയേസസ് അറിയിച്ചതാണ് ഇക്കാര്യം. അനവധി രോഗികള്‍, രണ്ട് നഴ്‌സുമാര്‍, ഒരു ഡോക്ടര്‍ എന്നിവര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. ആശുപത്രിയിലെ എട്ട് ജീവനക്കാര്‍ ഉള്‍പ്പെടെ 89 പേര്‍ക്ക് പരുക്കേറ്റു. ആരാണ് ആക്രമണത്തിന് പിന്നിലെന്ന കാര്യം വ്യക്തമല്ല.

കിഴക്കന്‍ ദര്‍ഫുര്‍ പ്രവിശ്യയിലെ അല്‍ ദിയായിന്‍ ആശുപത്രിക്കു നേരെയാണ് ആക്രമണമുണ്ടായതെന്ന് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഡബ്ല്യു എച്ച് ഒ തലവന്‍ വ്യക്തമാക്കി. ആശുപത്രിയിലെ കുട്ടികള്‍ക്കായുള്ള ചികിത്സാ വിഭാഗം, പ്രസവ വിഭാഗം, അടിയന്തര ചികിത്സാ വിഭാഗം എന്നിവ ആക്രമണത്തില്‍ തകര്‍ന്നു. നഗരത്തിലെ അടിയന്തര മെഡിക്കല്‍ സേവനങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

പുതിയ സംഭവത്തോടെ, സുഡാന്‍ സൈന്യവും അര്‍ധസൈനിക റാപിഡ് സപ്പോര്‍ട്ട് ഗ്രൂപ്പും തമ്മില്‍ മൂന്ന് വര്‍ഷത്തിനടുത്തായി നടക്കുന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം 2000 കവിഞ്ഞതായി ടെഡ്രോസ് പറഞ്ഞു. ആരോഗ്യ ശുശ്രൂഷാ കേന്ദ്രങ്ങള്‍ക്കു നേരെ നടന്ന 213 ആക്രമണങ്ങളിലായി 2,036 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. 2023 ഏപ്രിലിലാണ് ആഭ്യന്തര സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. വിവിധ ആക്രമണങ്ങളിലായി ഇതുവരെ പതിനായിരക്കണക്കിന് പേര്‍ കൊല്ലപ്പെടുകയും ഒരുകോടി 20 ലക്ഷത്തോളം പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.