Source :- SIRAJLIVE NEWS
റിയാദ് | വര്‍ഷത്തെ ഉംറ വിസ ശവ്വാല്‍ ഒന്ന് (2026 മാര്‍ച്ച് 20) മുതല്‍ നിര്‍ത്തലാക്കുമെന്ന് സഊദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. വരാനിരിക്കുന്ന ഹജ്ജ് സീസണിനുള്ള വിപുലമായ മുന്നൊരുക്കങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വിദേശ തീര്‍ഥാടകര്‍ക്ക് പുതിയ ഉംറ വിസകള്‍ അനുവദിക്കുന്നത് ഈ തീയതിയോടെ അവസാനിക്കും. ഇതിനകം വിസ ലഭിച്ചവര്‍ക്ക് ശവ്വാല്‍ 15 (ഏപ്രില്‍ 3) വരെ സഊദി അറേബ്യയിലേക്ക് പ്രവേശിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഉംറ സേവന മേഖലയിലെ പങ്കാളികളുമായി നടത്തിയ അവലോകന യോഗത്തിലാണ് ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ ഈ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
ഹജ്ജ് സീസണിലെ തിരക്ക് നിയന്ത്രിക്കുന്നതിനും തീര്‍ഥാടകര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനുമായി നിലവില്‍ രാജ്യത്തുള്ള ഉംറ തീര്‍ഥാടകര്‍ ദുല്‍ഖഅദ് ഒന്ന് (ഏപ്രില്‍ 18) ഓടെ മടങ്ങണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ സാധുവായ ഹജ്ജ് വിസ നിര്‍ബന്ധമാണെന്നും ഉംറ വിസയില്‍ ഹജ്ജ് ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രാലയം ആവര്‍ത്തിച്ചു.
വിമാനത്താവളങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ തീര്‍ഥാടകരുടെ വരവും പോക്കും ‘നുസുക്’ പ്ലാറ്റ്ഫോം വഴി കൃത്യമായി രേഖപ്പെടുത്താന്‍ ഉംറ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹജ്ജ് തീര്‍ഥാടകരെ സ്വീകരിക്കുന്നതിനായി മക്കയിലെയും മദീനയിലെയും താമസസൗകര്യങ്ങളും ഗതാഗത സംവിധാനങ്ങളും ഉടന്‍ തന്നെ സജ്ജമാക്കും.



