Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി | ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി നാളെ പരിഗണിക്കും. ശബരിമല യുവതി പ്രവേശനം എതിര്‍ക്കുന്നവരുടെ വാദമാണ് അടുത്ത ആദ്യ മൂന്നു ദിവസം കേള്‍ക്കുക.
ഏപ്രില്‍ 14,15,16 തീയതികളിലാണ് യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം കേള്‍ക്കുക. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയില്‍ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിരുന്നു. ബെഞ്ചില്‍ ജസ്റ്റിസ് ബി വി നാഗരത്നയാണ് ഏക വനിതാ അംഗം.
യുവതി പ്രവേശനത്തില്‍ അന്തിമ നിലപാട് സ്വീകരിക്കുന്നതിന് മുന്‍പ് മതപണ്ഡിതരും സാമൂഹിക പരിഷ്‌കര്‍ത്താക്കളും അടങ്ങുന്ന സമിതി രൂപീകരിച്ച് അഭിപ്രായം തേടണം എന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിലപാട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടക്കം യുവതി പ്രവേശനത്തെ എതിര്‍ത്തിരുന്നു.



