Source :- SIRAJLIVE NEWS
അബൂദബി| യു എ ഇയുടെ പ്രതിരോധ സംവിധാനങ്ങൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാണെന്നും രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ യു എ ഇക്ക് പൂർണ കരുത്തുണ്ടെന്നും അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ഇബ്രാഹിം അൽ ഹാശിമി പറഞ്ഞു. യു എ ഇക്കും മറ്റ് അറബ് രാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ നിയമവിരുദ്ധവും നീതീകരിക്കാനാവാത്തതുമാണെന്ന് മന്ത്രി വ്യക്തമാക്കി. അമേരിക്കൻ വാർത്താ ഏജൻസിയായ സി എൻ എന്നിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ലോകത്തെ ഏറ്റവും മികച്ച മിസൈൽ പ്രതിരോധ സംവിധാനങ്ങളിലൊന്നാണ് യു എ ഇക്കുള്ളത്. സ്വദേശികളുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
അയൽരാജ്യങ്ങളോട് മാന്യമായ രീതിയിൽ പെരുമാറേണ്ടതിന് പകരം ഇറാൻ നടത്തുന്ന ആക്രമണങ്ങൾ മേഖലയിലെ സമാധാനം തകർക്കുന്നതാണ്. ഇത് ഒട്ടും അംഗീകരിക്കാനാവില്ല. സമാധാനത്തിനുള്ള വാതിലുകൾ യു എ ഇ ഒരിക്കലും അടച്ചിട്ടില്ല. മേഖലയിൽ സംഘർഷം ലഘൂകരിക്കാനാണ് രാജ്യം ആഗ്രഹിക്കുന്നത്. എന്നാൽ ഇതിന് ഇറാന്റെ ഭാഗത്തുനിന്നും സഹകരണം ആവശ്യമാണ്. അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള യു എ ഇയുടെ ബന്ധം ശക്തമാണ്. മേഖലയിൽ ഇനിയൊരു യുദ്ധം ഒഴിവാക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.



