Home LATEST NEWS malyalam പുതിയ വാർത്ത യു എ ഇ; ഈദുൽ ഫിത്വർ ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം

യു എ ഇ; ഈദുൽ ഫിത്വർ ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം

15
0

Source :- SIRAJLIVE NEWS

അബൂദബി|ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിലൂടെ ആർജിച്ചെടുത്ത ആത്മീയ ചൈതന്യവുമായി ലോകമെമ്പാടുമുള്ള വിശ്വാസികൾ ഈദുൽ ഫിത്വർ ആഘോഷത്തിലേക്ക്. യു എ ഇയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് റമസാൻ 30 പൂർത്തിയാക്കി ഈ വർഷത്തെ ഈദുൽ ഫിത്വർ വെള്ളിയാഴ്ചയായിരിക്കുമെന്ന് ചന്ദ്ര ദർശന സമിതി വ്യക്തമാക്കി. പട്ടിണിയുടെയും ദാഹത്തിന്റെയും വിലയറിഞ്ഞ്, മനസ്സിനെയും ശരീരത്തെയും ഒരുപോലെ ശുദ്ധിചെയ്ത റമസാൻ നാളുകൾക്ക് ശേഷമാണ് സന്തോഷത്തിന്റെ പെരുന്നാൾ ദിനം വന്നെത്തുന്നത്. മേഖലയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലും ആഘോഷം സുരക്ഷിതമാക്കാൻ ഭരണകൂടം നിതാന്ത ജാഗ്രത പുലർത്തുന്നുണ്ട്.

സ്വദേശി പൗരന്മാർക്കൊപ്പം വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും ഒത്തുചേർന്ന് ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേ ശം ഉയർത്തിപ്പിടിക്കുന്ന മനോഹര ദൃശ്യങ്ങളാണ് എവിടെയും കാണുന്നത്. സംഘർഷ സാഹചര്യത്തിൽ, സമാധാനത്തിനായുള്ള പ്രാർഥനകളോടെയാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷങ്ങളിൽ പങ്കുചേരുന്നത്. വെല്ലുവിളികൾക്കിടയിലും രാജ്യം ആത്മവിശ്വാസത്തോടെയും പ്രത്യാശയോടെയും ഈദുൽ  ഫിത്വർ ആഘോഷിക്കും. കലാപ്രകടനങ്ങൾ, ഉത്സവങ്ങൾ, ഷോപ്പിംഗ് മാളുകളിലെ പ്രത്യേക ഓഫറുകൾ എന്നിവയോടെ അതിമനോഹരമായാണ് എമിറേറ്റുകൾ പെരുന്നാളിനെ സ്വാഗതം ചെയ്യുന്നത്. മാർച്ച് 19 മുതൽ 22 വരെ ഔദ്യോഗിക പെരുന്നാൾ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുമായി ദുബൈ

ഈദുൽ ഫിത്വർ അവധി ദിനങ്ങളിൽ കുടുംബങ്ങൾക്കും സന്ദർശകർക്കും ആനന്ദകരമായ ആഘോഷമൊരുക്കാൻ വിപുലമായ പദ്ധതികളുമായി ദുബൈ. ബീച്ചുകൾ, പാർക്കുകൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ജുമൈറ 1, 2, 3, ഉമ്മു സുഖീം 1, 2 എന്നിവിടങ്ങളിലെ ബീച്ചുകൾ പെരുന്നാൾ ദിനങ്ങളിൽ കുടുംബങ്ങൾക്കായി മാത്രമായി പരിമിതപ്പെടുത്തി. ലേബർ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് 30,000 തൊഴിലാളികൾക്കായി പ്രത്യേക പെരുന്നാൾ ആഘോഷങ്ങളും ഒരുക്കിയിട്ടുണ്ട്.
പെരുന്നാൾ ഒന്നും രണ്ടും ദിനങ്ങളിൽ വൈകുന്നേരം നാല് മണി മുതൽ ഏഴ് വരെ മുശ്്രിഫ് നാഷണൽ പാർക്ക്, അൽ മംസാർ പാർക്ക്, സഅബീൽ പാർക്ക് എന്നിവിടങ്ങളിൽ കലാപരിപാടികളും പരമ്പരാഗത മധുരപലഹാര നിർമാണവും നടക്കും. ഇതാദ്യമായി നദ് അൽ ശിബ പാർക്കിലും പ്രത്യേക പെരുന്നാൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. പെരുന്നാൾ മൂന്നാം ദിവസം ഇവിടെ കുട്ടികൾക്കായി വർക്്ഷോപ്പുകളും ഹർബിയ പ്രകടനങ്ങളും നടക്കും. ചിൽഡ്രൻ സിറ്റിയിൽ ഒന്ന്, മൂന്ന് ദിനങ്ങളിൽ കുട്ടികൾക്കായി മത്സരങ്ങളും സമ്മാന വിതരണവും നിശ്ചയിച്ചിട്ടുണ്ട്.

അബൂദബിയിലെ ശൈഖ് സായിദ് ഫെസ്റ്റിവലിൽ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി നാലായിരത്തിലധികം സാംസ്‌കാരിക പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. അൽ ഐനിൽ മാർച്ച് 20 മുതൽ 27 വരെ “ഘെയ്ത് അൽ ഐൻ’ ഉത്സവത്തിന്റെ രണ്ടാം പതിപ്പ് നടക്കും. ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌ക്, യാസ് ഐലൻഡിലെ വിനോദ കേന്ദ്രങ്ങൾ എന്നിവ സന്ദർശകർക്കായി തുറന്നിരിക്കും.

ഷാർജയിൽ വിപുലമായ പരിപാടികൾ

താമസക്കാർക്കും സന്ദർശകർക്കുമായി വിപുലമായ ആഘോഷപരിപാടികളോടെ ഈദുൽ ഫിത്വർ വരവേൽക്കാൻ ഷാർജ ഒരുങ്ങി. എമിറേറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വൈവിധ്യമാർന്ന കലാപ്രകടനങ്ങളും വർക്്ഷോപ്പുകളും ഈദ് അവധി ദിനങ്ങളിൽ നടക്കും. അൽ മജാസ് വാട്ടർഫ്രണ്ടിൽ വൈകുന്നേരം ഏഴ് മുതൽ രാത്രി 12 വരെ കലാപ്രകടനങ്ങൾ, തനൂറ സംഗീതം, തത്സമയ ബാൻഡ് മേളം എന്നിവ അരങ്ങേറും. ഇവിടെ വിന്റർ മാർക്കറ്റും സജ്ജീകരിച്ചിട്ടുണ്ട്.

അൽ ഹീറ ബീച്ച്, ഖോർഫക്കാൻ ബീച്ച് എന്നിവിടങ്ങളിൽ മാർച്ച് 20, 21, 22 തീയതികളിൽ വൈകുന്നേരം അഞ്ച് മുതൽ രാത്രി പത്ത് വരെ പ്രത്യേക പ്രകടനങ്ങൾ നടക്കും. നിയോൺ ബബിൾ ഷോ, തെരുവ് സർക്കസ്, നൂർ മാസ്‌കോട്ട് പ്രകടനം എന്നിവയാണ് ബീച്ചുകളിലെ പ്രധാന ആകർഷണം. നഗരമധ്യത്തിലെ അൽ നൂർ ഐലൻഡിൽ കുട്ടികൾക്കായി ഫേസ് പെയിന്റിംഗ്, ചിത്രരചനാ മത്സരങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഇവിടെയെത്തുന്നവർക്ക് പോപ്‌കോണും പഞ്ഞിമിട്ടായിയും സൗജന്യമായി നൽകും. അൽ ഖസ്ബയിൽ പോപ് അപ്പ് മാർക്കറ്റും വിവിധ കഫേകളും ഒരുക്കിയിട്ടുണ്ട്. മലീഹ നാഷണൽ പാർക്ക്, അൽ മുൻതസ പാർക്ക്, ഹാർട്ട് ഓഫ് ഷാർജ തുടങ്ങിയ ഇടങ്ങളിലും പെരുന്നാൾ പ്രമാണിച്ച് പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തി.

സന്ദർശകർക്കായി അജ്മാൻ മ്യൂസിയം ഉൾപ്പെടെയുള്ള പ്രമുഖ കേന്ദ്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. പതിനെട്ടാം നൂറ്റാണ്ടിലെ പുരാതന വസ്തുക്കൾ, കൈയെഴുത്തു പ്രതികൾ, നാടോടി വസ്ത്രങ്ങൾ, സുവനീറുകൾ എന്നിവ പ്രദർശിപ്പിച്ചിട്ടുള്ള മ്യൂസിയം ചരിത്രപ്രേമികൾക്ക് മികച്ച അനുഭവമാകും. ഈദ് അവധിക്കാലം ആസ്വാദ്യകരമാക്കാൻ വൈവിധ്യമാർന്ന വിനോദ കേന്ദ്രങ്ങളാണ് ഉമ്മുൽ ഖുവൈനിൽ ഒരുക്കിയിരിക്കുന്നത്. പ്രശസ്തമായ “ഡ്രീംലാൻഡ്’ വാട്ടർ പാർക്ക്, എയർ ക്ലബ്, ഷൂട്ടിംഗ് ക്ലബ്, മോട്ടോർ ക്ലബ്, മറൈൻ ക്ലബ്, കുതിര സവാരി കേന്ദ്രം എന്നിവ സന്ദർശകർക്ക് മികച്ച ഓപ്ഷനുകളായി എമിറേറ്റ് അവതരിപ്പിക്കുന്നു.

പൈതൃകവും പ്രകൃതിഭംഗിയും കോർത്തിണക്കിയാണ് റാസ് അൽ ഖൈമ ഈദ് സന്ദർശകരെ സ്വീകരിക്കുന്നത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ സിപ്പ് ലൈനായ ജബൽ ജൈസ് ഫ്ലൈറ്റ്, അൽ ഹംറ ഗോൾഫ് ക്ലബ്, പുരാതനമായ ധായ ഫോർട്ട് എന്നിവ എമിറേറ്റിലെ പ്രധാന ആകർഷണങ്ങളാണ്. മനോഹരമായ ബീച്ചുകളും എല്ലാ വിഭാഗം ആളുകൾക്കും അനുയോജ്യമായ പ്രത്യേക ഹോട്ടൽ പാക്കേജുകളും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.

ചരിത്ര സ്മാരകങ്ങളും ആധുനിക ഷോപ്പിംഗ് സെന്ററുകളും സംഗമിക്കുന്ന ഫുജൈറ, ഈദ് അവധി ആഘോഷിക്കാൻ ഏറ്റവും അനുയോജ്യമായ ഇടങ്ങളിലൊന്നാണ്. ഫുജൈറ കോർണിഷ്, ഐൻ മദ്ഹബ് സൾഫർ പാർക്ക്, പ്രകൃതി രമണീയമായ വാദി അൽ വുരായ എന്നിവ സന്ദർശകരെ ആകർഷിക്കും.

അബൂദബിയിൽ നാല് ദിവസം പാർക്കിംഗ്, ദർബ് സൗജന്യം

ഈദുൽ ഫിത്വർ പ്രമാണിച്ച് അബൂദബിയിൽ നാല് ദിവസം തുടർച്ചയായി പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. മാർച്ച് 19 വ്യാഴാഴ്ച മുതൽ മാർച്ച് 22 ഞായറാഴ്ച വരെയാണ് സൗജന്യ പാർക്കിംഗ് അനുവദിച്ചിരിക്കുന്നത്. ഈ കാലയളവിൽ ദർബ് ടോൾ ചാർജും നൽകേണ്ടതില്ലെന്ന് ക്യു മൊബിലിറ്റി വ്യക്തമാക്കി.
പെരുന്നാൾ അവധിക്ക് ശേഷം മാർച്ച് 23 തിങ്കളാഴ്ച മുതൽ പാർക്കിംഗ് ഫീസും ടോൾ നിരക്കുകളും സാധാരണ നിലയിൽ പുനരാരംഭിക്കും. അവധി ദിനങ്ങളിൽ ഗതാഗത തടസ്സമുണ്ടാകാത്ത രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യണമെന്നും സുരക്ഷാ നിയമങ്ങൾ പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.