Home LATEST NEWS malyalam പുതിയ വാർത്ത ബദ്‌റിലെ താരകങ്ങള്‍

ബദ്‌റിലെ താരകങ്ങള്‍

7
0

Source :- SIRAJLIVE NEWS

നുഷ്യകുലത്തിന്റെ തന്നെ ധാർമിക വിജയമാണ് ബദ്ർ. മനുഷ്യത്വത്തിന്റെ ശരികൾ ജയിച്ച ദിനം, പൈശാചികതയുടെ ശരികേടുകൾ തോറ്റമ്പിയ നേരം. റമസാൻ 17, അതിന് ദൃക്സാക്ഷിയായി. പൊള്ളയായ ആൾക്കൂട്ടമല്ല, ചെറുതെങ്കിലും കാമ്പുള്ള ജനസഞ്ചയമാണ്, നടുനിവർത്തൂ എന്ന വലിയ സന്ദേശമാണ് യൗമുൽ ഫുർഖാൻ എന്ന് ചരിത്രം സുവർണ ലിപിയിലെഴുതിയ ബദ്ർ ദിനം. സർവസജ്ജമായ ആയിരത്തിൽ പരം സായുധ സൈന്യത്തോട് യുദ്ധസന്നാഹങ്ങൾ പേരിന് മാത്രമുള്ള മുന്നൂറ്റി പതിമൂന്ന് പേർ വിശ്വാസത്തിന്റെയും ആത്മീയതയുടെയും ശരിയായ നിലപാടുകളുടെയും ബലം കൊണ്ട് നേരിട്ട് പൂപോലെ വിജയം വാങ്ങി. ധാർമികതയുടെ നിലനിൽപ്പിനെ ചോദ്യം ചെയ്ത ആശയത്തോടുള്ള സമരമായതുകൊണ്ട് തന്നെ ബദ്ർ പോരാളികൾ ചെയ്ത സംഭാവന ബഹുലമാണ്. അവരെ വിസ്മരിക്കുകയെന്നത് മനുഷ്യത്വരഹിതമാണ്. വിശുദ്ധ ഖുർആൻ ആ പോരാളികളെ പലയിടങ്ങളിൽ ഊഷ്മളമായി ഓർക്കുന്നുണ്ട്.

ധാർമികതക്കു വേണ്ടി ജീവത്യാഗം ചെയ്തവർ മരിച്ചു പോയെന്ന് പറഞ്ഞേക്കരുത്. അവർ സജീവരാണെന്നാണ് സൂറ: ബഖറ 154 ന്റെ തീർച്ചപ്പെടുത്തൽ. നല്ല മനുഷ്യരുടെ ഹൃദയങ്ങളിൽ അവർ ജീവസ്സുറ്റവരായുണ്ട്. ആ രക്തസാക്ഷികൾ നമ്മെ വഴികേടുകളിൽ നിന്ന് സുരക്ഷിതരാക്കുന്നു, മുന്നോട്ടുള്ള വഴികൾ വെട്ടുന്നു. ആ സജീവതയാണ് വിശ്വാസികളുടെ ഹൃദയത്തിലും നാവിലും ” ബദ് രീങ്ങളേ…’ എന്ന വിളിയെ ഉണർത്തുന്നത്. ബദ്്രീങ്ങളുടെ മഹത്വം മാത്രം പറയുന്ന ഗ്രന്ഥങ്ങളെമ്പാടും വിരചിതമായിട്ടുണ്ട്. ഖുർആനിലും ഹദീസിലും മഹത്തുക്കളുടെ രചനയിലും ബദ്ർ ശുഹദാക്കൾ ജീവസുറ്റവരായി നിലനിൽക്കുന്നു. ബദ്ർ മൗലിദ്, ബദ്ർ കിസ്സ, പടപ്പാട്ട്, ബദ്ർ മാല തുടങ്ങിയ ഗദ്യ – പദ്യ രചനകൾ കേരളീയരെന്ന നിലക്ക് നമുക്ക് ഏറെ പരിചിതമാണ്. (വളപ്പിൽ അബ്ദുൽ അസീസ് മുസ്്ലിയാരുടെ ബദ്ർ മൗലിദും ശിഹാബുദ്ദീൻ അഹ്മദ് കോയ ശാലിയാത്തിയുടെ രിഹാബു സ്വദ്ർ ഫീ സ്വിഹാ ബിൽ ബദ്റും മോയിൻകുട്ടി വൈദ്യരുടെ ബദ്ർ പടപ്പാട്ടും മറ്റു പലരുടെയും ബദ്ർ മാല, ബദ്ർ കെസ്സ്, ബദ്ർ ചിന്ത്, ബദ്ർ തിരുപ്പുകൾ എന്നിങ്ങനെ ആ നിര നീളും)
സ്നേഹിതരേ… നമുക്കാ മഹാരഥരുടെ മഹത്വത്തിൽ നിന്ന് ഒരു തുള്ളി വായിക്കാം. മുആദ്(റ) പറഞ്ഞ പോലെ “അമ്പിയാഇനെ കുറിച്ചുള്ള സ്മരണകൾ ആരാധനയുടെ ഭാഗവും മഹാത്മാക്കളെ സ്മരിക്കുകയെന്നത് പാപമുക്തിയുടെ കാരണവുമാ’ണല്ലോ. സ്വഹീഹുൽ ബുഖാരിയുടെ ഒരധ്യായം തന്നെ ബദ്റിൽ പങ്കെടുത്തവരുടെ മഹത്വമാണ് പ്രതിപാദിക്കുന്നത്.

ഒരു ഹദീസിങ്ങനെ വായിക്കാം. ഹാരിസ്(റ)നെ കുറിച്ച് അവിടുത്തെ മാതാവ് നബി(സ)യോട് ചോദിച്ചു “നബിയേ എനിക്കെന്റെ പുത്രനുമായുള്ള അടുപ്പം അങ്ങേക്കറിയാലോ. അവൻ സ്വർഗസ്ഥനാണോ? റസൂൽ (സ) പറഞ്ഞു: സ്വർഗം വൈവിധ്യമാണ്. അതിലേറ്റം ബൃഹത്തായ ഫിർദൗസുൽ അഅ്ലയിലാണ് നിങ്ങളുടെ മകൻ (ബുഖാരി)
ഇബ്നു കസീർ (റ) ഈ ഹദീസിനെ വിശദീകരിക്കുന്നത് നോക്കൂ… “ബദ്റിൽ പങ്കെടുത്തവരുടെ മഹത്വമാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ബഹുമാനപ്പെട്ട ഹാരിസ്(റ) യുദ്ധക്കളത്തിലോ പരിസരത്തോ ആയിരുന്നില്ല, അകലേ നിന്ന് വീക്ഷിക്കുകയായിരുന്നു. ഒരു ജലാശയത്തിനരികെ നിന്ന് ദാഹമകറ്റവേ ഏറ്റ അമ്പാണ് അവിടുത്തെ രക്തസാക്ഷിത്വത്തിനിടയാക്കിയത്. എന്നിട്ടു പോലും സ്വർഗീയതയുടെ ഔന്നത്യമാണ് അദ്ദേഹത്തിന് ലഭിച്ചത്’.
അദ്വിതീയമായ മഹത്വങ്ങളാണ് ബദ്്രീങ്ങൾക്കുള്ളത്.അവർക്ക് ഭാവിയെ കുറിച്ചുള്ള ഭീതിയോ കഴിഞ്ഞ കാലത്തെ കുറിച്ചുള്ള ആധിയോ ഒന്നുമില്ല. പാപമോചനവും നരകമോചനവും സ്വർഗ പ്രവേശനവും അല്ലാഹു അവർക്കു നൽകി. റസൂൽ (സ) പറഞ്ഞു: അല്ലാഹു ബദ്റിലെ പോരാളികളോട് അറിയിച്ചേക്കും, നിങ്ങൾക്കിഷ്ടമുള്ളതാകാം. എല്ലാം നിങ്ങൾക്ക് പൊറുത്തു തന്നിരിക്കുന്നു (ബുഖാരി, മുസ്്ലിം) മതവിധികൾക്കപ്പുറം തോന്നിയതുപോലെ ജീവിക്കാൻ ബദ്ർ പോരാളികൾക്ക് സമ്മതമുണ്ടെന്നല്ല ഇതിനർഥം. അതിജാഗ്രതയുള്ള ജീവിതം നയിക്കുന്ന സ്വഹാബത്തിന്റെ കൂട്ടത്തിൽ ഏറ്റവും മാഹാത്മ്യമുള്ളവരെന്ന നിലയിൽ ബദ്റിൽ പങ്കെടുത്തവർക്കുള്ള ശ്രേഷ്ഠതയെയാണ് ഈ ഹദീസ് തുറന്നുകാട്ടുന്നത്
ജാബിർ (റ) രേഖപ്പെടുത്തിയ മറ്റൊരു ഹദീസിൽ ബദ്‌റിലെ മുസ്്ലിം യോദ്ധാക്കളിലൊരാളും നരകത്തിൽ പ്രവേശിക്കില്ലെന്ന് വ്യക്തമാക്കുന്നുണ്ട് (അഹ്മദ്).

ബനുൽ മുസ്ത്വലിഖ് യുദ്ധം ഓർമയിലില്ലേ? മുനാഫിഖുകൾ ബഹുമാനപ്പെട്ട ആഇശ ബീവി(റ)യെ കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചത് ആ യുദ്ധത്തോടനുബന്ധിച്ചായിരുന്നു. ഒരു രാത്രി ആഇശ ബീവി(റ) ബദ്്രീങ്ങളിൽ പെട്ട മിസ്ത്വഹ്(റ)ന്റെ ഉമ്മയോടൊപ്പം (ഉമ്മു മിസ്ത്വഹ്) പുറത്തിറങ്ങി. വഴിയിൽ വെച്ച് ഉമ്മു മിസ്ത്വഹ് തട്ടിത്തടഞ്ഞു വീണു. അപ്പോൾ അവരിങ്ങനെ പറഞ്ഞു: “മിസ്ത്വഹ് നശിക്കട്ടെ!’ ഇതു കേട്ട ആഇശ ബീവി (റ) ശരവേഗത്തിൽ പ്രതികരിച്ചു “നിങ്ങൾ പറഞ്ഞത് വളരെ മോശമാണ്, ബദ്റിൽ പങ്കെടുത്ത ഒരാളെ നിങ്ങൾ ആക്ഷേപിക്കുകയാണോ?’ “മോളേ, നീ കഥയൊന്നുമറിയില്ലേ എന്ന മുഖവുരയോടെ മഹതിയുടെ പേരിൽ പ്രചരിച്ച അപവാദത്തെപ്പറ്റിയും അതിൽ മിസ്ത്വഹ്(റ) പങ്കാളിയായതും അവർ വിവരിച്ച് കൊടുത്തു. ബദ്്രീങ്ങളിൽ പെട്ടവരെ സ്വന്തം മാതാവ് ശപിച്ചപ്പോൾ ചെറുക്കാൻ ആഇശ ബീവി (റ) യെ പ്രേരിപ്പിച്ചത് മഹതിയുടെ മനസ്സിൽ ബദ്്രീങ്ങൾക്കുള്ള സ്ഥാനമാണ്.
ആ യോദ്ധാക്കളുടെ പോരിശ നീണ്ടു നീണ്ടങ്ങനെ പോകും. ബദ്്രീങ്ങളുടെ നാമങ്ങൾ എഴുതിവെച്ചതിന്റെ പേരിൽ പോലും ആപത്തുകളിൽ നിന്ന് സുരക്ഷിതമാകും. അവരുടെ നാമങ്ങൾ ഉച്ചരിച്ചുള്ള പ്രാർഥനകൾക്ക് സ്വീകാര്യത കൂടുതലാണ്. അവരെ കുറിച്ചുള്ള പ്രകീർത്തനങ്ങൾ തിരുനബി(സ) തന്നെ പ്രോത്സാഹിപ്പിച്ചതും മുസ്്ലിം ലോകം ശമനമായും ആശ്വാസമായും തുറവിയായും വിജയമായും സാക്ഷാത്കാരമായും കൂടെ കരുതിയതുമാണ്. സമ്പത്തും ശരീരവും സത്യസന്ദേശങ്ങൾക്കു വേണ്ടി സമർപ്പിച്ചപ്പോൾ ഉന്നതമായ പദവികൾ കൊണ്ട് അല്ലാഹു അവരെ അനുഗ്രഹിക്കുകയായിരുന്നു.

“വ ജാദൂ ബി അംവാലിൻ വ ബാഊ നുഫൂസഹും…’ എന്ന് തുടങ്ങുന്ന വരികളിലൂടെ ബദ്ർ മൗലിദിൽ നിന്ന് നമുക്കത് പാടാനാകും. ബദ്‌രീങ്ങളുടെ സ്മരണ വിശ്വാസിയെ സംബന്ധിച്ചിടത്തോളം വിശ്വാസത്തെ ജ്വലിപ്പിച്ചു നിർത്തലാണ്, ആദർശത്തിന്റെ മൂർച്ചക്കു മുമ്പിൽ ഏത് ആയുധവും കീഴടങ്ങുമെന്ന പാഠത്തെ ഉറപ്പിക്കലാണ്. ആ താരകങ്ങൾ നമുക്ക് വഴികാട്ടിക്കൊണ്ടിരിക്കുകയാണ്.