Source :- SIRAJLIVE NEWS
തിരുവനന്തപുരം| പാര്‍ക്കിംഗ് ഏരിയയില്‍ കിടന്ന ലോറിയില്‍ തീപിടിത്തം. വിഴിഞ്ഞം ബസ് സ്റ്റാന്‍ഡിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ലോറിക്കാണ് തീ പിടിച്ചത്. വിഴിഞ്ഞം സ്വദേശിയുടെ മത്സ്യം കൊണ്ടുപോകുന്ന ലോറിയാണ് തീപിടിത്തത്തില്‍ കത്തിനശിച്ചത്. സീസണ്‍ അല്ലാതിരുന്നതിനാല്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്ന വാഹനത്തിന്റെ പിന്‍ഭാഗമാണ് കത്തി നശിച്ചത്. ലോറിയുടെ പിന്‍ഭാഗത്തു നിന്നും പുക ഉയരുന്നത് കണ്ടവര്‍ അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. വിഴിഞ്ഞത്തു നിന്നും രണ്ട് യൂണിറ്റ് സേനാംഗങ്ങളെത്തിയാണ് വാഹനത്തിലെ തീ അണച്ചത്.
സമീപത്ത് മറ്റൊരു ലോറിയും ഉണ്ടായിരുന്നെങ്കിലും തീപടരും മുമ്പേ അഗ്‌നിരക്ഷസേന എത്തിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. ലോറിയുടെ പുറക് വശത്ത് കൂട്ടിയിട്ടിരുന്ന ചപ്പ് ചവറുകളില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് അഗ്‌നിരക്ഷ സേനാംഗങ്ങള്‍ പറഞ്ഞു. ലോറിയുടെ പിന്‍ഭാഗത്തെ ടയറുകള്‍ കത്തിയാണ് വാഹനത്തിന്റെ യന്ത്രഭാഗങ്ങളിലേക്ക് തീപടര്‍ന്നത്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.



