Source :- SIRAJLIVE NEWS
പന്തളം | പന്തളം കൈപ്പുഴയില്‍ പ്രവാസിയുടെ വീട് കൊള്ളയടിച്ച് അമ്പത്തി ഒന്നര പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസിലെ മുഖ്യപ്രതികളിലൊരാളായ തെങ്കാശി കടയനല്ലൂര്‍ സ്വദേശി സബ്ജയില്‍ രാജ എന്ന് വിളിക്കുന്ന മരുതരാജ്(28)നെയാണ് തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ നിന്നും സാഹസികമായി പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ഒരു കൊലപാതക കേസും, 6 വധശ്രമ കേസുകളും, നിരവധി കവര്‍ച്ച കേസുകളുമടക്കം അമ്പതോളം കേസുകളിലെ പ്രതിയാണ് ഇയാള്‍.
തമിഴ്നാട്ടില്‍ അടക്കം നിരവധി പോലീസ് സ്റ്റേഷനിലുകളില്‍ പിടികിട്ടാപ്പുള്ളിയായ കൊടുംകുറ്റവാളിയാണ് സബ്ജയില്‍ രാജ. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദിന്റെ മേല്‍നോട്ടത്തില്‍ പന്തളം എസ് എച്ച് ഒ സജീഷ് കുമാര്‍, എസ് ഐ യു വി വിഷ്ണു, പോലീസ് ഉദ്യോഗസ്ഥരായ എസ് അന്‍വര്‍ഷ, ആര്‍ രഞ്ജിത്ത്, നിയാസ്, ബി അരുണ്‍, സിജു എന്നിവര്‍ ചേര്‍ന്നാണ് സാഹസികമായി പ്രതിയെ അറസ്റ്റ് ചെയ്തത്. അടൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസില്‍ ഇനി രണ്ടുപേരെ കൂടി പിടികൂടാന്‍ ഉണ്ട്.



