Home LATEST NEWS malyalam പുതിയ വാർത്ത ട്രംപ് ചുമത്തിയ അധിക നികുതികള്‍ റദ്ദാക്കല്‍; ചരിത്ര വിധിക്ക് പിന്നില്‍ ഇന്ത്യന്‍ വംശജനായ നീല്‍ കത്യാല്‍

ട്രംപ് ചുമത്തിയ അധിക നികുതികള്‍ റദ്ദാക്കല്‍; ചരിത്ര വിധിക്ക് പിന്നില്‍ ഇന്ത്യന്‍ വംശജനായ നീല്‍ കത്യാല്‍

20
0

Source :- SIRAJLIVE NEWS

വാഷിങ്ടണ്‍  | അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ അമിത വ്യാപാര നികുതികള്‍ റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിക്ക് പിന്നില്‍ തിളങ്ങി നില്‍ക്കുന്നത് ഇന്ത്യന്‍ വംശജനായ അഭിഭാഷകന്‍ നീല്‍ കത്യാല്‍ ആണ്.

1977-ലെ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്ട് ഉപയോഗിച്ച് ട്രംപ് ഏര്‍പ്പെടുത്തിയ നികുതികള്‍ ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു കത്യാല്‍ സുപ്രീം കോടതിയില്‍ വാദിച്ചത്.അമേരിക്കയില്‍ നികുതി ചുമത്താന്‍ കോണ്‍ഗ്രസിന് (പാര്‍ലമെന്റ്) മാത്രമേ അധികാരമുള്ളൂ, പ്രസിഡന്റിനില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വാദം.

ആറ് ജസ്റ്റിസുമാരുടെ പിന്തുണയോടെ സുപ്രീം കോടതി ഈ വാദം അംഗീകരിച്ചു. പ്രസിഡന്റുമാര്‍ ശക്തരാണെങ്കിലും ഭരണഘടനയാണ് അതിനേക്കാള്‍ ശക്തമെന്ന് കോടതി വിധിച്ചു.

ചിക്കാഗോയില്‍ കുടിയേറിയ ഇന്ത്യന്‍ ദമ്പതികളുടെ മകനാണ് നീല്‍ കത്യാല്‍. യേല്‍ ലോ സ്‌കൂളില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം ബരാക് ഒബാമയുടെ കാലത്ത് ആക്ടിംഗ് സോളിസിറ്റര്‍ ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സുപ്രീം കോടതിയില്‍ 50-ലധികം കേസുകള്‍ വാദിച്ച അദ്ദേഹം, അമേരിക്കയിലെ ന്യൂനപക്ഷ അഭിഭാഷകര്‍ക്കിടയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിട്ടുണ്ട്.

ജോര്‍ജ്ജ് ഫ്‌ലോയിഡ് വധക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നു. ട്രംപിന്റെ യാത്രാ വിലക്കിനെതിരെയും വോട്ടിംഗ് റൈറ്റ്‌സ് ആക്ടിന് വേണ്ടിയും അദ്ദേഹം നിയമപോരാട്ടം നടത്തിയിട്ടുണ്ട്.

നീതിന്യായ വകുപ്പിന്റെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ ‘എഡ്മണ്ട് റാന്‍ഡോള്‍ഫ് അവാര്‍ഡ്’ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2024-ലും 2025-ലും ഫോര്‍ബ്‌സ് മാസിക അമേരിക്കയിലെ മികച്ച 200 അഭിഭാഷകരുടെ പട്ടികയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി.