Source :- SIRAJLIVE NEWS
കൊച്ചി | ചോറ്റാനിക്കരയിലെ പതിനാറുകാരിയുടെ ആത്മഹത്യ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം. പുത്തന്‍കുരിശ് ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. സൈബര്‍ പോലീസ് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്. പെണ്‍കുട്ടിയുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചു. കൊറിയന്‍ സുഹൃത്ത് മരിച്ചതിലെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് പെണ്‍കുട്ടി കുറിപ്പ് എഴുതിവച്ചിരുന്നു.
തിരുവാങ്കുളം കക്കാട് സ്വദേശി ആദിത്യ (16) ആണ് മരിച്ചത്. ജനുവരി ഒന്നിന് പരിചയപ്പെട്ട കൊറിയന്‍ സുഹൃത്ത് 19-ാം തീയതി മരിച്ചുവെന്നും താന്‍ കടുത്ത ദുഃഖത്തിലാണെന്നും ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്നു. കുട്ടിയുടെ പുസ്തകത്തില്‍ നിന്നും കൊറിയന്‍ ഭാഷയിലുള്ള കുറിപ്പുകള്‍ കണ്ടെത്തിയിരുന്നു.
കൊറിയന്‍ സുഹൃത്തിന്റെ അക്കൗണ്ട് വ്യാജമാണെന്ന് സംശയമുണ്ടെന്ന് പെണ്‍കുട്ടി പഠിച്ച സ്‌കൂളിലെ അധ്യാപകര്‍ പറഞ്ഞിരുന്നു. അക്കൗണ്ടില്‍ 19 ഫോളോവേഴ്‌സ് മാത്രമാണുള്ളത്. അതില്‍ തന്നെ കുട്ടിയുടെ സുഹൃത്തുക്കളും ഉള്‍പ്പെടുന്നുണ്ട്. സ്‌കൂളിലെ മറ്റു കുട്ടികളും കൊറിയന്‍ അക്കൗണ്ടുകളുടെ ഫോളോവേഴ്‌സാണെന്ന് ആശങ്കയുണ്ടെന്നും അധ്യാപകര്‍ പറഞ്ഞു.



