Source :- ANWESHANAM NEWS
കോഴിക്കോട്: പത്താം ക്ലാസ് ഇംഗ്ലീഷ്, പ്ലസ് വൺ കണക്ക് അർധവാർഷിക പരീക്ഷകളുടെ ചോദ്യങ്ങൾ പരീക്ഷയ്ക്കുമുമ്പ് യു ട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തട്ടിപ്പ്, വിശ്വാസ വഞ്ചന ഉൾപ്പടെ 7 വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ചോദ്യപേപ്പർ ചോർച്ചയിൽ എം എസ് സൊല്യൂഷൻസ് ഉടമകളുടെ മൊഴിയെടുക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും നേരത്തെ പരാതി നൽകിയ അധ്യാപകരുടെയും മൊഴിയെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ നീക്കം. മറ്റു സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇവയുമായി സഹകരിക്കുന്ന അധ്യാപകരുടെ മൊഴിയും രേഖപ്പെടുത്തും.
അതിനിടെ, ചോദ്യപേപ്പര്‍ ചോര്‍ച്ച അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം എം എസ് സൊല്യൂഷന്‍സുള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ സ്ഥാപനങ്ങളുമായി സഹകരിച്ചിരുന്ന അധ്യാപകരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരില്‍ നിന്നും മൊഴിയെടുക്കാനാണ് നീക്കം. എംഎസ് സൊല്യൂഷന്‍സിലെ ക്ലാസുകളില്‍ അശ്ലീല പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന പരാതിയില്‍ കൊടുവള്ളി പൊലീസ് അന്വേഷണം തുടങ്ങി. ഫാന്‍പേജുകളില്‍ നിന്നും വീഡിയോ നീക്കിയതിനാല്‍ ഫേസ്ബുക്ക് ഉടമകളായ മെറ്റാ കമ്പനിയില്‍ നിന്നും വിശദാംശം തേടിയിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തി.