Source :- SIRAJLIVE NEWS
ഏതാനും ദിവസങ്ങളായി അപ്രഖ്യാപിത പവര്‍കട്ട് ഏര്‍പ്പെടുത്തി വരികയായിരുന്നു കെ എസ് ഇ ബി. ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗം ഔദ്യോഗികമായി തന്നെ പവര്‍കട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ‘പീക്ക് ലോഡ് മാനേജ്മെന്റ്’ എന്ന പേരില്‍ നടപ്പാക്കുന്ന പവര്‍കട്ട് 15 മുതല്‍ 30 മിനുട്ട് വരെയായിരിക്കും. വേനല്‍ച്ചൂട് ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തില്‍ അനുഭവപ്പെടുന്നത്. വൈകുന്നേരം ആറ് മുതല്‍ പത്ത് വരെയുള്ള പീക് സമയ ഉപയോഗം 117 ദശലക്ഷം യൂനിറ്റിന് മുകളിലെത്തി. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് പവര്‍ബാങ്കിംഗ് വഴി വാങ്ങിയിരുന്ന വൈദ്യുതിയില്‍ 400 മെഗാവാട്ടിന്റെ കുറവ് വരികയും ചെയ്തു. ഈയൊരു സാഹചര്യത്തിലാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നാണ് കെ എസ് ഇ ബിയുടെ വിശദീകരണം. പവര്‍കട്ട് എസ് എം എസ് വഴി ഉപഭോക്താക്കളെ മുന്‍കൂട്ടി അറിയിക്കുമെന്നും ബോര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ഡാമുകളില്‍ ജലനിരപ്പ് അനുദിനം കുറഞ്ഞുവരികയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഇടുക്കി ഡാമില്‍ രണ്ട് ദിവസം മുമ്പത്തെ കണക്കനുസരിച്ച് 2,335 അടി ജലമാണുള്ളത്. സംഭരണ ശേഷിയുടെ 35 ശതമാനം മാത്രമാണിത്. മറ്റു അണക്കെട്ടുകളിലും ജലനിരപ്പ് റെക്കോര്‍ഡ് താഴ്ചയിലാണ്. ഡാമുകളിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കുറഞ്ഞതും ജലം ബാഷ്പീകരിച്ചു പോകുന്നതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. വേനല്‍ മഴയും ഇത്തവണ കുറവാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 42 ശതമാനം കുറവാണ് ഈ വര്‍ഷം ഇടമഴ.
സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ നാലിലൊന്ന് മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ഏപ്രില്‍ 24ലെ കണക്കനുസരിച്ച് 116.48 ദശലക്ഷം യൂനിറ്റ് ഉപയോഗിച്ചപ്പോള്‍ അന്നത്തെ ആഭ്യന്തര ഉത്പാദനം 29.03 ദശലക്ഷം മാത്രമാണ്. ബാക്കി 87.45 ദശലക്ഷവും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുകയായിരുന്നു. വൈദ്യുതി ഉപയോഗം എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് കുതിച്ചുയര്‍ന്നതോടെ പ്രസരണ- വിതരണ ശൃംഖലയും കടുത്ത സമ്മര്‍ദത്തിലാണ്.
അതിനിടെ പുറത്ത് നിന്ന് 250 മെഗാവാട്ട് വൈദ്യുതി അധികമായി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയത് ആശ്വാസകരമാണ്. മേയ് 15 മുതല്‍ പത്ത് രൂപയില്‍ കവിയാത്ത വിലയില്‍ വൈദ്യുതി വാങ്ങാനാണ് കമ്മീഷന്റെ അനുമതി. മേയ് 15ന് മുമ്പ് സാഹചര്യം മെച്ചപ്പെട്ടാല്‍ വൈദ്യുതി വാങ്ങരുതെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നു. അതേസമയം സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലെത്തിച്ചത് കെ എസ് ഇ ബിയുടെ പിടിപ്പുകേട് കൊണ്ട് കൂടിയാണെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തുന്നു. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് സംസ്ഥാനം അനുഭവിക്കുന്ന ഊര്‍ജ പ്രതിസന്ധി മുന്‍കൂട്ടി കണ്ട് പ്രശ്നപരിഹാരത്തിന് നടപടികളെടുക്കാന്‍ കെ എസ് ഇ ബിക്കായില്ല. സാഹചര്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ച് രാത്രികാല ഉപയോഗം കുറയ്ക്കുന്നതില്‍ ഉപഭോക്താക്കളെ ബോധവത്കരിക്കുന്നതിലും കൂടുതല്‍ വൈദ്യുതി വാങ്ങുന്നതിന് ഇതര സംസ്ഥാനങ്ങളുമായി നേരത്തേ കരാര്‍ രൂപപ്പെടുത്തുന്നതിലും ബോര്‍ഡ് പരാജയപ്പെട്ടതായി കമ്മീഷന്‍ കുറ്റപ്പെടുത്തി.
കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ പുറത്തുനിന്ന് കൂടുതല്‍ വില നല്‍കി വൈദ്യുതി വാങ്ങുന്നത് പ്രശ്നത്തിന് ശാശ്വത പരിഹാരമല്ല. കാലാവസ്ഥാ വ്യതിയാനം താത്കാലിക പ്രതിഭാസമല്ല, തുടര്‍പ്രതിഭാസമാണെന്ന ബോധമുള്‍ക്കൊണ്ട് ശാശ്വത പരിഹാരത്തിന് ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നടപടികള്‍ കൈക്കൊള്ളുകയും ചെയ്യേണ്ടതുണ്ട്. നിലവില്‍ പ്രധാനമായും ജലവൈദ്യുത പദ്ധതികളെയാണ് സംസ്ഥാനം ആശ്രയിക്കുന്നത്. മഴയുടെ അളവ് കുറയുകയും കാലവര്‍ഷത്തിന്റെ രീതിയില്‍ സമൂല മാറ്റം വരികയും ഡാമുകളിലെ ജലനിരപ്പ് ഭീഷണമായ തോതില്‍ താഴുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഊര്‍ജ ഉത്പാദനത്തിന് മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്.
നിലവില്‍ കേരളത്തിന് ഏറ്റവും അനുയോജ്യമാണ് സൗരോര്‍ജ പദ്ധതികള്‍. വീടുകളിലും വാണിജ്യ സ്ഥാപനങ്ങളിലും ‘സൗര’ പോലുള്ള പദ്ധതികള്‍ വ്യാപകമാക്കാന്‍ നടപടികള്‍ സ്വീകരിക്കണം. വലിയ അണക്കെട്ടുകള്‍ പാരിസ്ഥിതിക പ്രശ്നങ്ങളാല്‍ മുടങ്ങുകയും നിലവിലുള്ളവയുടെ ശേഷി ചുരുങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ പരിസ്ഥിതി ആഘാതം കുറഞ്ഞ ചെറിയ ജലപദ്ധതികള്‍ പ്രോത്സാഹിപ്പിക്കേണ്ടതാണ്. പ്രാദേശിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇത് സഹായകമാകും. പകല്‍ സമയത്തെ അധിക സൗരോര്‍ജം ഉപയോഗിച്ച് വെള്ളം ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് പമ്പ് ചെയ്യുകയും രാത്രിയില്‍ പ്രസ്തുത വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്യുന്ന ‘പമ്പ്ഡ് സ്റ്റോറേജ്’ രീതിയും പരീക്ഷിക്കാവുന്നതാണ്.
കാറ്റ് ഉപയോഗിച്ചുള്ള വൈദ്യുതി പദ്ധതിയും പ്രായോഗികമാണ്. കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാത്തതിനാല്‍ പരിസ്ഥിതി സൗഹൃദവും ഇന്ധനം ആവശ്യമില്ലാത്തതിനാല്‍ പ്രവര്‍ത്തന ചെലവ് കുറവുമാണ് കാറ്റാടി പദ്ധതികള്‍ക്ക്. ഇടുക്കിയിലെ രാമക്കല്‍മേടില്‍ സ്വകാര്യപങ്കാളിത്തത്തോടെ നിരവധി കാറ്റാടികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അട്ടപ്പാടി മലനിരകളിലും പാലക്കാട് കാഞ്ഞിരക്കോടും വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നു. കടലിലെ കാറ്റിന്റെ വേഗത കരയേക്കാള്‍ ശക്തമായതിനാല്‍ കടലിലും കടല്‍ തീരങ്ങളിലും സ്ഥാപിക്കാവുന്നതാണ് കാറ്റാടി യന്ത്രങ്ങള്‍. കേരളത്തിന്റെ നീണ്ട കടല്‍ തീരം ഇതിന് സഹായകവുമാണ്.
സംസ്ഥാനം അനുഭവിക്കുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധി തരണം ചെയ്യാന്‍ ഉപഭോക്താക്കളുടെ സഹകരണവും ആവശ്യമാണ്. പീക് സമയങ്ങളില്‍ പമ്പ് സെറ്റ്, ഇന്‍ഡക്്ഷന്‍ സ്റ്റൗ, ഹീറ്റര്‍, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീന്‍, എ സി തുടങ്ങിയവയുടെ ഉയയോഗം പരമാവധി കുറയ്ക്കുകയും വൈദ്യുതി വാഹന ചാര്‍ജിംഗ് ഒഴിവാക്കുകയും ചെയ്താല്‍ വലിയൊരളവോളം വൈദ്യുതി ലാഭിക്കാനാകും. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവത്കരണം ആവശ്യമാണ്.



