Home LATEST NEWS malyalam പുതിയ വാർത്ത കാരണവൻമാർ കാലഹരണപ്പെടരുത്

കാരണവൻമാർ കാലഹരണപ്പെടരുത്

5
0

Source :- SIRAJLIVE NEWS

ഒരു കാലത്ത് നമ്മുടെ നാട്ടുമ്പുറങ്ങളിൽ സാമൂഹിക നീതിയുടെയും കുടുംബ ബന്ധങ്ങളുടെയും അവസാന വാക്ക് “നാട്ടുകാരണവന്മാർ’ ആയിരുന്നു. ഒരു വാക്കു കൊണ്ട് ഒരു അംഗചലനം കൊണ്ട് വലിയ പ്രതിസന്ധികൾ പരിഹരിക്കാൻ അവർക്ക് സ്വാധിച്ചിരുന്നു. ഔട്ട് കോർട്ട് സെറ്റിൽമെന്റ് എന്ന ആശയത്തെ നിയമപീഠങ്ങൾ വരെയും പ്രോത്സാഹിപ്പിക്കുന്നത് കാരണവൻമാരുടെ മധ്യസ്ഥതയെ വിശ്വാസത്തിലെടുത്തതിനാലാണ്.

എന്നാൽ, ഇന്ന് ആ സ്വാധീനം വലിയ തോതിൽ കുറഞ്ഞിരിക്കുന്നു. സംയുക്ത കുടുംബ വ്യവസ്ഥയിൽ നിന്ന് അണുകുടുംബങ്ങളിലേക്കുള്ള മാറ്റം കാരണവരുടെ അധികാരത്തെ തളർത്തി. വിവരസാങ്കേതിക വിദ്യയുടെ വളർച്ചയും യുവാക്കളുടെ സാമ്പത്തിക സ്വയംപര്യാപ്തതയും അനുഭവ പരിചയത്തേക്കാൾ അറിവിന് പ്രാധാന്യം നൽകിയതോടെ മുതിർന്നവരുടെ ഉപദേശങ്ങൾ പലപ്പോഴും അവഗണിക്കപ്പെട്ടു. പണ്ട് ഭരണാധികാരിയെപ്പോലെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്ന സ്ഥാനത്ത് നിന്ന് അവർ അവഗണിക്കപ്പെടുകയും ചിലപ്പോൾ ആക്ഷേപിക്കപ്പെടുകയും ചെയ്യുന്ന ഒരാളായി തരംതാഴ്ത്തപ്പെട്ടു.

ഇസ്‌ലാമിക കാഴ്ചപ്പാടിൽ കാരണവർ എന്നത് കേവലം പ്രായം കൂടിയ വ്യക്തിയല്ല, മറിച്ച് ഉത്തരവാദിത്ത ബോധമുള്ള ഒരു വഴികാട്ടിയാണ്. “മുതിർന്നവരെ ആദരിക്കാത്തവർ നമ്മിൽപ്പെട്ടവനല്ല’ എന്ന നബിവചനം മുതിർന്നവർക്ക് സമൂഹം നൽകേണ്ട ബഹുമാനത്തെയും സ്ഥാനത്തെയും കുറിച്ച് വ്യക്തമാക്കുന്നു. നബി(സ)യുടെ വിയോഗത്തെ തുടർന്ന് രൂപപ്പെട്ട പ്രതിസന്ധികളിൽ പതറാതെ സമൂഹത്തെ നയിച്ച അബൂബക്കർ സിദ്ദീഖും(റ), ജനങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ടറിഞ്ഞ് പരിഹരിച്ച ഉമറും (റ) ഒരു കാരണവർക്ക് എങ്ങനെ ജനഹൃദയങ്ങളിൽ സ്വാധീനം ചെലുത്താം എന്നതിന് ഉത്തമ മാതൃകകളാണ്. മഹിതമായ ആ പാരമ്പര്യം പ്രതിസന്ധികൾ മറികടന്ന് നിലനിൽക്കേണ്ടത് അനിവാര്യമാണ്.

കൂടിയാലോചനകളിലൂടെയും നീതിപൂർവമായ ഇടപെടലുകളിലൂടെയും മാത്രമേ നഷ്ടപ്പെട്ടു പോയ സ്വാധീനം നമുക്ക് കാരണവൻമാരെ തിരിച്ചേൽപ്പിക്കാനാകൂ. അധികാരം അടിച്ചേൽപ്പിക്കുന്നതിന് പകരം, പുതിയ തലമുറയെ സ്‌നേഹത്തോടെയും വിശ്വാസത്തോടെയും ചേർത്തുപിടിക്കുന്ന ഒരു മാർഗദർശിയായി മാറുമ്പോഴാണ് കാരണവന്മാർക്ക് സമൂഹത്തിൽ വീണ്ടും പ്രസക്തിയുണ്ടാകുന്നത്. രണ്ട് പക്ഷത്ത് നിന്നും അതിനുള്ള ശ്രമങ്ങളുണ്ടാകട്ടെ.