Home LATEST NEWS malyalam പുതിയ വാർത്ത കവടിയാര്‍ കൊട്ടാരത്തിലെ ആഭരണ കവര്‍ച്ച; ചെന്നൈ, ബെംഗളൂരു നഗരങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

കവടിയാര്‍ കൊട്ടാരത്തിലെ ആഭരണ കവര്‍ച്ച; ചെന്നൈ, ബെംഗളൂരു നഗരങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

9
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | കവടിയാര്‍ കൊട്ടാരത്തിലെ ആഭരണ കവര്‍ച്ചയില്‍ ചെന്നൈ, ബെംഗളൂരു നഗരങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കാന്‍ പോലീസ് തീരുമാനം. പൗരാണിക ആഭരണങ്ങള്‍ വില്‍ക്കുന്നവരെയും വാങ്ങുന്നവരെയും ലക്ഷ്യമിട്ട് ആഭരണങ്ങള്‍ കേരളത്തിന് പുറത്തേക്ക് കടത്തിയോ എന്നാണ് സംശയം.

സമാന മോഷണങ്ങളുടെ വിവരങ്ങളും പോലീസ് തേടുന്നുണ്ട്. അതേസമയം കൊട്ടാരത്തിലെത്താറുള്ള സ്ഥിരം യൂട്യൂബര്‍മാരും സന്ദര്‍ശകരും പോലീസിന്റെ നിരീക്ഷണത്തിലാണ്.രണ്ട് കോടിയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായ കേസ് നിലവില്‍ ക്രൈം ബ്രാഞ്ചാണ് അന്വേിക്കുന്നത്. കവടിയാര്‍ കൊട്ടാരത്തില്‍നിന്ന് ആഭരണങ്ങള്‍ നഷ്ടമായെന്ന് കരുതുന്ന ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ ഫോണ്‍ കോള്‍ വിവരങ്ങള്‍ കേസില്‍ നിര്‍ണായകമാവും.

കോടിക്കണക്കിന് രൂപ വിലമതിക്കുന്ന പൗരാണിക മൂല്യമുള്ള വസ്തുക്കളാണ് നഷ്ടമായത് എന്നതിനാല്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. പേരൂര്‍ക്കട പോലീസാണ് കേസ് ആദ്യഘട്ടത്തില്‍ അന്വേഷിച്ചത്. കൊട്ടാരം ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. സുരക്ഷാ നിരീക്ഷണ സംവിധാനത്തിനുള്ളിലുള്ള കവടിയാര്‍ കൊട്ടാരത്തില്‍ കൊട്ടാരത്തിലെ മുതിര്‍ന്ന അംഗമായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായിയുടെ രണ്ട് കോടിയോളം വിലമതിക്കുന്ന സ്വര്‍ണമാണ് മോഷണം പോയത്.

അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി സ്വന്തം കിടപ്പുമുറിയില്‍ ഇരുമ്പ്അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണമാണ് കഴിഞ്ഞ വര്‍ഷം അവസാനത്തോടെ കാണാതായത്. 2025 നവംബറില്‍ ബെംഗളൂരുവില്‍ പോകുന്നതിന് മുമ്പായി അലമാര തുറന്നപ്പോഴാണ് ആഭരണം നഷ്ടമായതായി ശ്രദ്ധയില്‍പ്പെടുന്നത്. പിന്നാലെ കൊട്ടാരത്തില്‍ പരിശോധന നടത്തിയെങ്കിലും ആഭരണം കണ്ടെത്താനായില്ല. ആഭരണങ്ങള്‍ നഷ്ടപ്പെട്ടെന്നറിഞ്ഞപ്പോള്‍ ഉന്നത ഉദ്യോഗസ്ഥരോട് വാക്കാല്‍ പരാതിപ്പെടുകയായിരുന്നു. ഇതോടെ നാല് മാസം പോലീസ് അന്വേഷിച്ചു. കിട്ടാതെ വന്നതോടെയാണ് പരാതി പേരൂര്‍ക്കട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

കൊട്ടാരത്തില്‍ സൂക്ഷിച്ച വസ്തുവകകള്‍ കഴിഞ്ഞ വര്‍ഷം നവംബറിലെയോ ഒക്ടോബറിലെയോ ഏതോ സമയം കവര്‍ന്നു എന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. വിദേശത്തുനിന്ന് കൊണ്ടുവന്ന ആഭരണങ്ങളടക്കമാണ് മോഷണം പോയവയിലുള്ളത്. അര പവന്‍ വരുന്ന ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വര്‍ണമുത്തും ഇടകലര്‍ന്ന സ്വര്‍ണ ചെയിന്‍, മൂന്ന് പവന്റെ പിച്ചിപ്പൂ മൊട്ട് ഡിസൈനിലുള്ള പാദസരം. ഏകദേശം രണ്ട് പവന്‍ വരുന്ന കറുത്ത മുത്തും സ്വര്‍ണമുത്തും ഇടകലര്‍ന്ന പാദസരം, നാല് പവന്‍ വരുന്ന വീതിയുള്ള ഇല ഡിസൈനിലുള്ള രണ്ട് വളകള്‍, മൂന്ന് പവന്‍ കണക്കാക്കുന്ന വീതി കുറഞ്ഞ രണ്ട് സ്വര്‍ണ പിരിവള, ചുവപ്പ് കല്ല് പതിച്ച വലിയ രണ്ട് കമ്മലുകളും തൂക്കും, രണ്ടര പവന്റെ സ്വര്‍ണത്തില്‍ പച്ച ഇനാമല്‍ രണ്ട് ഇലയും നടുക്ക് വെള്ള ഇനാമല്‍ ശംഖും പതിച്ച സ്വര്‍ണ പതക്കവും സ്വര്‍ണ ചെയിനും നഷ്ടമായവയിലുണ്ട്.

അഞ്ച് പവന്റെ സ്വര്‍ണ കുഴിമിന്നുമാല, ഏകദേശം എട്ട് ലക്ഷം രൂപ വിലവരുന്ന പച്ച കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും, രണ്ട് പവന്‍ വരുന്ന സ്വര്‍ണ്ണക്കമ്മലും ഇല ഡിസൈനോടുകൂടിയ മാട്ടിയും, ആറ് പവന്റെ റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള രണ്ട് ഒഴുക്കന്‍ വള, ഒരു പവന്റെ വളരെ നേര്‍ത്ത ചെയിനില്‍ പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണപതക്കവും ചെയിനും ഒരു പവന്‍ വീതം തൂക്കം വരുന്ന അഞ്ച് കുതിരപവന്‍ നാണയങ്ങള്‍ എന്നിങ്ങനെ രണ്ട് കോടിയോളം വിലവരുന്ന മുതലുകളാണ് മോഷണം പോയത്.