Source :- SIRAJLIVE NEWS
ആരോഗ്യമേഖലക്ക് കടുത്ത നാണക്കേട് സൃഷ്ടിച്ച് ചികിത്സാപിഴവുകള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ് മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 45ലധികം അന്വേഷണങ്ങളാണ് ചികിത്സാപിഴവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന് നേരിടേണ്ടി വന്നത്. ഇതിനേക്കാള്‍ ഗുരുതരമാണ് ചികിത്സാ പിഴവുകളെ നിസ്സാരവത്കരിക്കുകയും പിഴവുകളുടെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവന്ന രോഗികളെ പരിഹസിക്കുകയും ചെയ്യുന്ന ഉത്തരവാദപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരുടെ പ്രസ്താവനകളും പ്രതികരണങ്ങളും.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ ഉഷാ ജോസഫിന്റെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ നിരുത്തവാദപരവും അവഹേളനാപരവുമായ പ്രസ്താവനയാണ് അന്നത്തെ ഗൈനക്കോളജി മേധാവിയായിരുന്ന ഡോ. ലളിതാംബിക മാധ്യമങ്ങള്‍ക്കു മുമ്പാകെ നടത്തിയത്. ‘വയറ്റില്‍ കത്രിക എപ്പോള്‍ വെച്ചതാണെന്നതിനു തെളിവില്ല. നഴ്സിനാണ് ശസ്ത്രക്രിയക്കുള്ള ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തേണ്ട ചുമതല. നഴ്സുമാര്‍ പറയുന്നത് വിശ്വസിച്ച് ശസ്ത്രക്രിയക്കൊടുവില്‍ തുന്നിക്കെട്ടുകയാണ് ഡോക്ടര്‍മര്‍ ചെയ്യുന്നത്. വയറ്റില്‍ കത്രിക കുടുങ്ങിയതിനെ തുടര്‍ന്ന് വേദന വന്നപ്പോള്‍ രോഗി എവിടെ പോയിരുന്നു? തന്റെ അടുത്ത് വന്നിട്ടില്ല. വല്ല ഹോമിയോയിലോ ആയുര്‍വേദത്തിലോ പോയിക്കാണും. എനിക്ക് ഇക്കാര്യത്തില്‍ ഒരു ഉത്തരവാദിത്വവുമില്ല. ഞാനല്ല ശസ്ത്രക്രിയ നടത്തിയത്. രോഗിയെ എനിക്കറിയുകയുമില്ല. അഞ്ച് വര്‍ഷമല്ല, രോഗിയുടെ വയറ്റില്‍ കത്രിക അമ്പത് വര്‍ഷം കിടന്നാല്‍ പോലും പ്രശ്നമില്ല’ എന്നായിരുന്നു ഡോക്ടറുടെ പ്രതികരണം. വയറ്റില്‍ കത്രിക കുടുങ്ങിയതിനെ തുടര്‍ന്ന് കടുത്ത വേദനയും ദേഹാസ്വാസ്ഥ്യവും അനുഭവിച്ച രോഗിയുടെ കാര്യത്തിലാണ് ഡോക്ടറുടെ പ്രസ്താവനയെന്നത് ശ്രദ്ധേയം.
സമൂഹത്തില്‍ ആദരവും വിശ്വാസവും കല്‍പ്പിക്കപ്പെടുന്നവരാണ് ഡോക്ടര്‍മാര്‍. വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള അറിവുകള്‍ക്കൊപ്പം വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ കൂടി പവര്‍ത്തിക്കുന്ന മേഖലയാണ് ചികിത്സാംരഗം. തന്റെ ജീവന്‍ വൈദ്യശാസ്ത്ര സംവിധാനത്തിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും കരങ്ങളില്‍ ഏല്‍പ്പിച്ചാണ് രോഗി ശസ്ത്രക്രിയ മുറിയിലേക്ക് പ്രവേശിക്കുന്നത്. വളരെ ശ്രദ്ധയോടെയും ഉത്തരവാദിത്വബോധത്തോടെയുമായിരിക്കണം രോഗികളോടുള്ള അവരുടെ സമീപനം.
ചികിത്സാ മേഖലയിലെ അതിസങ്കീര്‍ണ ശസ്ത്രക്രിയ പോലുള്ള മേഖലകളില്‍ പ്രത്യേകിച്ചും. എങ്കിലും മനുഷ്യസഹജമായ പിഴവുകള്‍ സംഭവിച്ചെന്നുവരാം. അത്തരം വേളകളില്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാതെ അബദ്ധം സമ്മതിക്കുകയും അതുമൂലം രോഗിക്ക് സംഭവിച്ച പ്രയാസങ്ങള്‍ ദുരീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും സഹായങ്ങള്‍ നല്‍കുകയുമാണ് ഡോക്ടര്‍മാര്‍ ചെയ്യേണ്ടത്. ചികിത്സാ പിഴവ് രോഗിയുടെ ശരീരത്തെയാണ് ബാധിക്കുന്നതെങ്കില്‍ അപമാനകരമായ ഡോക്ടറുടെ പ്രതികരണം രോഗിയുടെ മനസ്സിനെ കൂടി മുറിപ്പെടുത്തും.
വീഴ്ച അംഗീകരിക്കുകയും പരിഹരിക്കാനുള്ള മാര്‍ഗം സ്വീകരിക്കുകയും ചെയ്യുന്നതിനു പകരം രോഗിക്കെതിരെ പരിഹാസത്തിന്റെ ഭാഷ ഉപയോഗിക്കുന്നത് അഹന്തയുടെ പ്രകടനമായി മാത്രമേ കാണാനാകൂ. ചികിത്സയില്‍ സംഭവിക്കുന്ന പിഴവുകളെയും അബദ്ധങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യുന്നുവന്നതിനെ ആശ്രയിച്ചാണ് ആരോഗ്യപ്രവര്‍ത്തകന്റെയും സ്ഥാപനത്തിന്റെയും സംസ്‌കാരം നിര്‍ണയിക്കപ്പെടുന്നത്. രോഗിയുടെ വേദനയും ആശങ്കയും ചെറുതാക്കി കാണിക്കുന്നതും അവരെ കുറ്റപ്പെടുത്തുന്ന സംസാരവും രോഗി- ഡോക്ടര്‍ ബന്ധത്തെ മൊത്തത്തില്‍ ബാധിക്കും. സാങ്കേതിക ശാസ്ത്രത്തിലെ മികവ് മാത്രമല്ല, രോഗിയോടുള്ള പെരുമാറ്റത്തിലെ മികവ് കൂടിയാണ് ആരോഗ്യപ്രവര്‍ത്തകരുടെ വിജയം. അതില്ലാത്തവര്‍ക്ക് വൈദ്യശാസ്ത്രത്തില്‍ സ്ഥാനമില്ല. ആരോഗ്യ വകുപ്പും ഡോക്ടര്‍മാരുടെ സംഘടനയും അതീവ ഗൗരവത്തോടെ കാണണം ഡോ. ലളിതാംബികയുടെ പ്രസ്തവനയെ. സ്ഥാപനത്തിലെ ഒരു മുന്‍മേധാവിയെന്ന നിലയില്‍ സമാധാനപരവും ഉത്തരവാദിത്വപൂര്‍ണവുമായ പ്രതികരണമായിരുന്നു അവരില്‍ നിന്നുണ്ടാകേണ്ടിയിരുന്നത്. ഒരു ഡോക്ടറുടെ വ്യക്തിപരമായ അഭിപ്രായമായല്ല, പൊതുജനാരോഗ്യ സംവിധാനത്തിന്റെ പ്രതിനിധി സ്വരമായാണ് അത് വായിക്കപ്പെടുക. പിഴവിനെ ന്യായീകരിക്കുന്ന നിലപാട് ഡോക്ടര്‍മാരുടെ സമൂഹത്തെ മൊത്തം പ്രതിരോധത്തിലാക്കും.
മെഡിക്കല്‍ എത്തിക്സ് (ആരോഗ്യ നൈതികത) ചികിത്സയില്‍ അതിപ്രധാനമാണ്. ഡോക്ടറുടെ പെരുമാറ്റമാണ് മരുന്നിനേക്കാള്‍ രോഗിക്ക് ഫലപ്പെടുന്നതെന്നത് കേവലം ഭംഗിവാക്കല്ല, അനുഭവ സത്യമാണ്. നൈതികതയില്ലാത്ത ചികിത്സ സമൂഹത്തെ അപകടത്തിലാക്കുമെന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. ഹിറ്റ്ലറുടെ നാസിപ്പടയിലെ അംഗമായിരുന്ന ഡോ. ജോസഫ് മെഗെലെയുടെ ചികിത്സാ പരീക്ഷണങ്ങളാണ് ആരോഗ്യ നൈതികതയുടെ അനിവാര്യതയെക്കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്തിയത്. ഹിറ്റ്ലറുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ ഇരട്ടക്കുട്ടികളില്‍ ഡോ. മെഗെലെ നടത്തിയ പരീക്ഷണം അതിക്രൂരമായിരുന്നു. അനസ്തീഷ്യ പോലുമില്ലാതെയായിരുന്നു ശസ്ത്രക്രിയ. ഇതിനു ശേഷമാണ് ആരോഗ്യപരീക്ഷണങ്ങള്‍ക്കും ചികിത്സകള്‍ക്കും കൃത്യമായ നിയമങ്ങളുടെ ആവശ്യകതയെക്കുറിച്ച് ലോകം
മനസ്സിലാക്കിയത്.
മാനുഷിക മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ആരോഗ്യ നൈതികതയെക്കുറിച്ച് ജനീവ പ്രഖ്യാപനത്തില്‍ വ്യക്തമായി പറയുന്നുണ്ട്. രോഗിയുടെ ആരോഗ്യത്തിനും ക്ഷേമത്തിനുമായിരിക്കണം ഡോക്ടറുടെ പ്രഥമ പരിഗണനയെന്നും രോഗിയുടെ അന്തസ്സും മനുഷ്യാവകാശങ്ങളും പൗരസ്വാതന്ത്ര്യവും ലംഘിക്കപ്പെടരുതെന്നും പ്രഖ്യാപനത്തില്‍ പറയുന്നു. ഈ നിര്‍ദേശങ്ങള്‍ അംഗീകരിച്ചും അതിനു ഊന്നല്‍ നല്‍കിയുമായിരിക്കണം ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സേവനങ്ങളും പ്രസ്താവനകളും. പുസ്തകങ്ങളില്‍ ഒതുങ്ങരുത് ഇത്തരം മാര്‍ഗരേഖകള്‍.



