Home LATEST NEWS malyalam പുതിയ വാർത്ത ഒരുമിച്ച് ചിരിച്ച നിമിഷങ്ങൾ ഓർക്കുന്നില്ലേ?

ഒരുമിച്ച് ചിരിച്ച നിമിഷങ്ങൾ ഓർക്കുന്നില്ലേ?

12
0

Source :- SIRAJLIVE NEWS

നിങ്ങളുടെ സുഹൃത്തുക്കൾക്കൊപ്പം ചെലവഴിച്ച സമയത്തെക്കുറിച്ച് ആവേശത്തോടെ നിങ്ങൾ മറ്റൊരാളോട് സംസാരിക്കുകയോ സോഷ്യൽ മീഡിയയിൽ അഭിമാനത്തോടെ പങ്കുവെക്കുകയോ ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ ജീവിതത്തിന്റെ യഥാർഥ സന്തോഷം അനുഭവിച്ചിട്ടുണ്ട്. വെറുതെ ഒന്ന് സങ്കൽപ്പിക്കു. ലോകമാകെ വിലമതിക്കുന്ന ഒരു അവാർഡ് വലിയ ഒരു വേദിയിൽ വെച്ച് നിങ്ങൾ സ്വീകരിക്കുന്നു. അത് കണ്ട് ഹൃദയമറിഞ്ഞ് എഴുന്നേറ്റ് നിന്ന് കൈയടിക്കുന്ന ഒരാളെങ്കിലും ആ സദസ്സിൽ ഉണ്ടാകുന്പോഴും ഇല്ലാതിരിക്കുന്പോഴും നിങ്ങൾക്ക് ഒരേ സന്തോഷമായിരിക്കുമോ? ഇനി മറ്റൊരു സന്ദർഭം ഭാവനയിൽ കണ്ടു നോക്കൂ. അർധരാത്രിയിൽ നിങ്ങൾക്ക് ഒരു അടിയന്തര സഹായം വേണ്ടി വന്നു, നിങ്ങളുടെ മൊബൈൽ കോൺടാക്റ്റ് ലിസ്റ്റിൽ ആയിരക്കണക്കിന് നമ്പറുകളുണ്ട്, പക്ഷേ, ധൈര്യത്തിൽ വിളിക്കാവുന്ന ഒരാൾ പോലും നിങ്ങളുടെ മനസ്സിലേക്ക് വരുന്നില്ലെങ്കിലോ?!.

ഇവയെല്ലാം ബോധിപ്പിക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യം ഇതാണ്, നാം വീമ്പിളക്കുന്ന നമ്മുടെ പദവികളോ നമ്മുടെ വരുമാനമോ അല്ല, മറിച്ച് ബന്ധങ്ങളാണ് നമ്മിൽ ശരിയായ സന്തോഷവും ഊഷ്മളമായ സ്നേഹാനുഭൂതികളും പകരുന്നത്. നിങ്ങളുടെ യോഗ്യതകളുടെ എണ്ണവും ജോലിയുടെ പേരും അപരിചിതരായ ആളുകൾക്ക് വലിയ മതിപ്പുണ്ടാക്കും, പക്ഷേ, നിങ്ങളുടെ ഹൃദയപൂർണമായ ഇടപഴകലും ദയയുമാണ് നിങ്ങളുടെ ചുറ്റും എപ്പോഴുമുള്ള മനുഷ്യർക്ക് എന്തിനുമേതിനും നിങ്ങളോട് ചേർന്ന് നിൽക്കാനുള്ള മനസ്സുണ്ടാക്കുക എന്നറിയണം.
ജീവിതം യഥാർഥത്തിൽ ബന്ധങ്ങളെയും സന്തോഷത്തെയും കുറിച്ചാണെങ്കിലും, പലരും പലപ്പോഴും അവരുടെ ജോലിയെയും നേട്ടങ്ങളെയും കുറിച്ച് വലിയ വമ്പ് പറയാനാണ് സമയം കാണുന്നത്. ഒരു ഉദ്യോഗസ്ഥൻ തന്റെ പ്രമോഷൻ, ശമ്പളം, സൗകര്യങ്ങൾ, വിജയങ്ങൾ എന്നിവയെക്കുറിച്ച് സംസാരിക്കുന്നത് വളരെ സാധാരണമാണ്.

എന്നാൽ ‘എനിക്ക് നല്ല സുഹൃത്തുക്കൾ ഉണ്ട്”, “എനിക്ക് സന്തോഷകരമായ കുടുംബം ഉണ്ട്’ എന്ന വാചകങ്ങൾ അത്രയൊന്നും പൊതു വേദികളിൽ പറയാറില്ല. മനുഷ്യ മനസ്സിന്റെ ചില സ്വാഭാവികമായ സാമൂഹികവും മാനസികവുമായ കാരണങ്ങൾ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. ആളുകൾ എപ്പോഴും കാണാവുന്ന നേട്ടങ്ങളെയാണ് കൂടുതൽ വിലമതിക്കുന്നത്. ജോലി, പദവി, അംഗീകാരങ്ങൾ, ബിസിനസ്സ് വിജയങ്ങൾ – ഇവയെല്ലാം മറ്റുള്ളവർക്ക് എളുപ്പത്തിൽ കാണാനും അളക്കാനും കഴിയും. അതുകൊണ്ട് ആളുകൾ അത് പ്രദർശിപ്പിക്കാവുന്ന അവസരങ്ങളൊക്കെ ഉപയോഗപ്പെടുത്തുന്നു. സ്വന്തം നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുന്നതിലൂടെ തന്റെ കഴിവും പരിശ്രമവും മറ്റുള്ളവർക്ക് അറിയിക്കുന്നു എന്നതിനാൽ ചിലപ്പോളൊക്കെ അത് പല അവസരങ്ങൾക്കും വഴിയൊരുക്കിയേക്കാം. എന്നാൽ സ്നേഹം, പരിഗണന, കാരുണ്യം, വിശ്വാസം, സന്തോഷം എന്നിവ അളക്കാൻ പറ്റുന്ന ശബ്ദങ്ങളല്ല. ഒരു നല്ല സൗഹൃദത്തിന്റെ ആഴം, ഒരു കുടുംബത്തിന്റെ സന്തോഷം ഇവയൊന്നും കൃത്യമായ ഒരു സ്കെയിൽ വെച്ച് പറയാൻ കഴിയില്ല. തന്നെയുമല്ല അത് പൊതുവേദികളിൽ പറഞ്ഞ് ഫലിപ്പിച്ചത് കൊണ്ട് വല്ല പ്രയോജനവും ഉള്ളതായി ആരും കരുതുന്നുമില്ല എന്നതാണ് കാര്യം.

സോഷ്യൽ മീഡിയയും ഈ മനഃസ്ഥിതിയെ ശക്തിപ്പെടുത്തുന്നുണ്ട്. ഇന്ന് ഒരാൾക്ക് പ്രമോഷൻ കിട്ടിയാൽ അത് ഉടൻ ഒരു പോസ്റ്റായി മാറും. പുതിയ കാർ വാങ്ങിയാലോ വിദേശയാത്ര പോയാലോ അവ ചിത്രങ്ങളായി ലോകത്തിനു മുന്നിൽ എത്തും. എന്നാൽ ഒരാൾ തന്റെ അമ്മയോടൊപ്പം അൽപ്പനേരം ചെലവഴിച്ചത്, സുഹൃത്തിനെ നിശബ്ദമായി ഇരുന്നു കേട്ടത്, ഒക്കെ അപൂർവമായേ പങ്കുവെക്കാറുള്ളു. ഒരു പ്രമോഷന് നിങ്ങളുടെ ശമ്പളം വർധിപ്പിക്കാൻ കഴിയും, പക്ഷേ, നിങ്ങൾ ഏകാന്തത അനുഭവിക്കുമ്പോൾ അതിന് നിങ്ങളെ ആലിംഗനം ചെയ്യാൻ കഴിയില്ല എന്നോർക്കണം. മറ്റുള്ളവരേക്കാൾ നമുക്ക് പലതും ഉണ്ട് എന്ന മത്സരബുദ്ധിയാണ് മെറ്റീരിയലുകൾ പ്രദർശിപ്പിക്കുക എന്ന മാനസിക നിലയിലേക്ക് നമ്മെ എത്തിക്കുന്നത്. “താരതമ്യം സന്തോഷത്തിന്റെ മരണമാണ്.’ എന്ന മാർക്ക് ട്വെയ്ൻ വചനം ഏറെ പ്രസക്തമാണ്.

“ഞാൻ മറ്റുള്ളവരെക്കാൾ പിന്നിലാണോ?’ എന്ന ചിന്തയാലും ചിലർ അവരുടെ നേട്ടങ്ങൾ പ്രദർശിപ്പിച്ച് ആ സംശയത്തെ മറയ്ക്കാൻ ശ്രമിക്കാറുണ്ട്. എങ്ങനെയായാലും മുന്നിലെത്താനുള്ള മത്സരത്തിൽ ബന്ധങ്ങൾ അറ്റുപോകുന്നത് പലരും ശ്രദ്ധിക്കാറില്ല. ഇങ്ങനെ വിജയത്തിനായുള്ള ഓട്ടത്തിൽ നാം ചാമ്പ്യൻ ട്രോഫി നേടിയേക്കാം, പക്ഷേ, ആ വിജയം ആഘോഷിക്കുന്ന ആളുകളെ നഷ്ടപ്പെടുകയും ചെയ്യുന്നു. ലളിതമായ ഒരു ജീവിതസൂത്രമിതാണ്, നമ്മൾ നേടിയ പദവികൾ നമ്മുടെ ജീവിതകഥയിലെ അധ്യായങ്ങൾ മാത്രമാണ്; എന്നാൽ നമ്മൾ സ്നേഹിച്ച ആളുകളാണ് ആ കഥയുടെ ശരിയായ അർഥം. അതിനാൽ ജീവിതത്തിൽ വിജയങ്ങൾ നേടണം, പക്ഷേ അവയെക്കാൾ വിലയുള്ളത് മനുഷ്യബന്ധങ്ങളാണെന്ന് മറക്കരുത്. കാലമേറെ കഴിയുമ്പോൾ നമ്മൾ ഓർക്കുന്നത് അവാർഡുകളുടെ പട്ടികയല്ല; ഒരുമിച്ച് ചിരിച്ച ആ നിമിഷങ്ങളാണ്.