Home LATEST NEWS malyalam പുതിയ വാർത്ത ഒഡീഷയില്‍ രണ്ടു വര്‍ഷത്തിനിടെയുണ്ടായത് 54 വര്‍ഗീയ കലാപങ്ങള്‍, ഏഴ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍; സഭയില്‍ മുഖ്യമന്ത്രി

ഒഡീഷയില്‍ രണ്ടു വര്‍ഷത്തിനിടെയുണ്ടായത് 54 വര്‍ഗീയ കലാപങ്ങള്‍, ഏഴ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍; സഭയില്‍ മുഖ്യമന്ത്രി

13
0

Source :- SIRAJLIVE NEWS

ഭുവനേശ്വര്‍ | ഒഡീഷയില്‍ രണ്ട് വര്‍ഷത്തിനിടെയുണ്ടായത് 54 വര്‍ഗീയ കലാപങ്ങളും ഏഴ് ആള്‍ക്കൂട്ട കൊലപാതകങ്ങളും. മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി നിയമസഭയില്‍ വെളിപ്പെടുത്തിയതാണിത്. 2024 ജൂണ്‍ മുതലുള്ള കണക്കുകള്‍ പ്രകാരമാണിത്.

ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ 50 ശതമാനത്തില്‍ താഴെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അതേസമയം, കലാപത്തില്‍ പങ്കുള്ളതായി ആരോപിച്ച് കുറഞ്ഞത് 300 പേരുടെ അറസ്റ്റെങ്കിലും രേഖപ്പെടുത്തിയതായും മാജി അറിയിച്ചു.

ഏറ്റവും കൂടുതല്‍ വര്‍ഗീയ കലാപങ്ങള്‍ നടന്നത് ബാലസോര്‍ ജില്ലയിലാണ്-24. തലസ്ഥാനമായ ഭുവനേശ്വറില്‍ ഉള്‍പ്പെടുന്ന ഖുര്‍ദയില്‍ ഇത്തരം 16 കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍, കഴിഞ്ഞ ഒക്ടോബറില്‍ കട്ടക്ക് നഗരത്തില്‍ ദുര്‍ഗാ പൂജക്കിടെ സംഘര്‍ഷമുണ്ടാവുകയും അത് വര്‍ഗീയ അക്രമങ്ങളില്‍ കലാശിക്കുകയും ചെയ്ത സംഭവത്തെ കുറിച്ച് മുഖ്യമന്ത്രി പരാമര്‍ശിച്ചില്ല.

മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലിനു പിന്നാലെ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. കലാപങ്ങള്‍ക്ക് പിന്നില്‍ വലതുപക്ഷ പാര്‍ട്ടിക്കാരാണെന്നും സംസ്ഥാനത്തെ സംഘര്‍ഷങ്ങള്‍ ബി ജെ പി സര്‍ക്കാരിന്റെ വീഴ്ചയാണെന്നും പ്രതിപക്ഷം ആരോപിച്ചു. കഴിഞ്ഞ 20 മാസത്തിനിടെ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്തതുള്‍പ്പെടെയുള്ള വര്‍ഗീയ സംഭവങ്ങളുടെ പേരില്‍ ഒഡീഷയിലെ ആറോളം പട്ടണങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് വിലക്ക് കൊണ്ടുവരുകയും ചെയ്തിരുന്നു.

2024 ജൂണില്‍ ബി ജെ പി ആദ്യമായി ഒറ്റക്ക് സര്‍ക്കാര്‍ രൂപവത്കരിച്ച ശേഷമാണ് സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം വര്‍ധിച്ചതെന്നാണ് പ്രതിപക്ഷ ആരോപണം.