Source :- SIRAJLIVE NEWS
മൂന്നാര്‍ | എറണാകുളം മഹാരാജാസ് കോളജില്‍ കൊലചെയ്യപ്പെട്ട എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തെ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാര്‍ സന്ദര്‍ശിച്ചു. അഭിമന്യുവിന്റെ മാതാവുമായും സഹോദരിയുമായും ഒരുപാട് നേരം സംസാരിച്ചാണ് മടങ്ങിയതെന്ന് അരുണ്‍ കുമാര്‍ ഫേസ് ബുക്കില്‍ കുറിച്ചു. സന്ദര്‍ശിക്കണമെന്ന് മനസ്സ് ഏറെനാള്‍ ആഗ്രഹിച്ച ഇടമായിരുന്നു അഭിമന്യുവിന്റെ വീടെന്ന് അദ്ദേഹം പറഞ്ഞു.
‘ആ അമ്മയുടെ കണ്ണുകളില്‍ ഒരു നീറ്റലായി ഇന്നും തന്റെ മകനുണ്ട്. എങ്കിലും, ആ മകന്‍ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശങ്ങള്‍ ലക്ഷക്കണക്കിന് മനുഷ്യര്‍ നെഞ്ചേറ്റുന്നു എന്ന തിരിച്ചറിവാകാം അവരുടെ കരുത്ത്. പഠിക്കണമെന്നും, തന്റെ നാടിനെ വെളിച്ചത്തിലേക്ക് നയിക്കണമെന്നുമുള്ള അഭിമന്യുവിന്റെ ആഗ്രഹം ഒരു വലിയ വിപ്ലവമായിരുന്നു. ആ സ്വപ്നങ്ങളെ പാതിവഴിയില്‍ ഇല്ലാതാക്കിയവര്‍ക്ക് പക്ഷേ, അവന്റെ ഓര്‍മകളെ കൊന്നുകളയാനാകില്ല.’ അരുണ്‍കുമാര്‍ കുറിച്ചു. 2018 ജൂലൈ രണ്ടിനാണ് അഭിമന്യു കൊല്ലപ്പെട്ടത്.
അരുണ്‍ കുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റ്:
ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വീണ്ടും മൂന്നാറിലേക്കെത്തി. മൂന്നാര്‍ എഞ്ചിനീയറിംഗ് കോളേജിലെ പ്രവര്‍ത്തനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം മനസ്സ് പണ്ടേ ആഗ്രഹിച്ചിരുന്ന ഒരിടത്തേക്ക് ഈ യാത്ര നീണ്ടുവട്ടവടയിലേക്ക്. സഖാവ് അഭിമന്യുവിന്റെ വീട്ടിലേക്ക്.
മുന്നാറിലെ തണുപ്പിനേക്കാള്‍ ഉള്ളു പൊള്ളിക്കുന്ന ചില ഓര്‍മ്മകളാണല്ലോ അഭിമന്യു എന്ന പേര് ഓരോ മലയാളിയുടെയും മനസ്സില്‍ ബാക്കിവെക്കുന്നത്. മഹാരാജാസിന്റെ ഇടനാഴികളില്‍ നിന്ന് ആ ചുവന്ന നക്ഷത്രം മാഞ്ഞുപോയിട്ട് വര്‍ഷങ്ങളായെങ്കിലും, ഇന്നും വട്ടവടയിലെ ആ കൊച്ചു വീടിന് പറയാനുള്ളത് വലിയൊരു സ്വപ്നത്തിന്റെ ബാക്കിപത്രമാണ്.
അഭിമന്യുവിന്റെ അമ്മയെയും സഹോദരിയെയും നേരില്‍ കണ്ടു. വാക്കുകള്‍ക്ക് പരിമിതികളുള്ള നിമിഷങ്ങള്‍… ആ അമ്മയുടെ കണ്ണുകളില്‍ ഒരു നീറ്റലായി ഇന്നും തന്റെ മകനുണ്ട്. എങ്കിലും, ആ മകന്‍ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശങ്ങള്‍ ലക്ഷക്കണക്കിന് മനുഷ്യര്‍ നെഞ്ചേറ്റുന്നു എന്ന തിരിച്ചറിവാകാം അവരുടെ കരുത്ത്. പഠിക്കണമെന്നും തന്റെ നാടിനെ വെളിച്ചത്തിലേക്ക് നയിക്കണമെന്നുമുള്ള അഭിമന്യുവിന്റെ ആഗ്രഹം ഒരു വലിയ വിപ്ലവമായിരുന്നു. ആ സ്വപ്നങ്ങളെ പാതിവഴിയില്‍ ഇല്ലാതാക്കിയവര്‍ക്ക് പക്ഷെ അവന്റെ ഓര്‍മ്മകളെ കൊന്നുകളയാനാവില്ല.
അമ്മയ്ക്കും സഹോദരിക്കുമൊപ്പം കുറച്ചുനേരം ചെലവഴിക്കുമ്പോള്‍, ഒരു അധ്യാപകനെന്ന നിലയിലും വിപ്ലവ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്ന ഒരാളെന്ന നിലയിലും എന്റെ മനസ്സ് വിങ്ങിപ്പൊള്ളുകയായിരുന്നു.
അഭിമന്യു എന്നെന്നും നീറുന്ന ഒരു കനലായി നമ്മുടെ ഉള്ളിലുണ്ടാകും.
പ്രിയ സഖാവിന്, ആ പോരാളിയുടെ കുടുംബത്തിന്… ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങള്‍.



