Home LATEST NEWS malyalam പുതിയ വാർത്ത ചൂരൽമല- മുണ്ടക്കൈ: കോൺഗ്രസ്സ് ഭവന പദ്ധതി കല്ലിട്ടിടത്ത് തന്നെ

ചൂരൽമല- മുണ്ടക്കൈ: കോൺഗ്രസ്സ് ഭവന പദ്ധതി കല്ലിട്ടിടത്ത് തന്നെ

4
0

Source :- SIRAJLIVE NEWS

കൽപ്പറ്റ | ചൂരൽമല- മുണ്ടക്കൈ ദുരന്ത ബാധിതർക്കായി കോൺഗ്രസ്സ് പ്രഖ്യാപിച്ച ഭവനപദ്ധതിയുടെ ശിലാസ്ഥാപനം നടത്തി 13 ദിവസം കഴിഞ്ഞിട്ടും നിർദിഷ്ട ഭൂമിയിൽ ഒരു പ്രവൃത്തിയും തുടങ്ങിയില്ല. ദുരന്തം കഴിഞ്ഞ് 19 മാസങ്ങൾക്ക് ശേഷം പദ്ധതിക്കായി ശിലയിട്ടപ്പോഴേക്കും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പിന്റെയും മുസ്‌ലിം ലീഗ് പ്രഖ്യാപിച്ച ഭവനപദ്ധതിയുടെയും ഒന്നാംഘട്ടം പൂർത്തീകരിച്ചിരുന്നു.

വലിയ വിമർശങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയ ശേഷമാണ് 100 വീടിനായി മേപ്പാടി കുന്നമ്പറ്റയിൽ കോൺഗ്രസ്സ് അഞ്ചര ഏക്കർ ഭൂമി കണ്ടെത്തിയത്. സംസ്ഥാനത്തെ പാർട്ടി നേതാക്കളെയും വയനാട് എം പിയും സഹോദരിയുമായ പ്രിയങ്കയെയും സാക്ഷിനിർത്തി, വലിയ ആഘോഷത്തോടെ കഴിഞ്ഞമാസം 26നാണ് പദ്ധതിക്കായി രാഹുൽ ഗാന്ധി ശിലപാകിയത്.
വലിയ ഒരു പദ്ധതി ആരംഭിക്കുന്നതിന് മുന്പുള്ള പ്രാഥമിക നടപടികൾ പോലും തുടങ്ങിയിട്ടില്ല. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കോൺഗ്രസ്സ് നടത്തിയ ഒരു നാടകം മാത്രമായിരുന്നു ശിലാസ്ഥാപനമെന്ന് എതിരാളികൾ വിമർശം തുടങ്ങിക്കഴിഞ്ഞു.

തറക്കല്ലിടൽ പരിപാടിയുമായി ബന്ധപ്പെട്ട് പ്രദേശത്തുണ്ടായ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും നീക്കം ചെയ്തതാണ് ആകെ നടന്നത്. രാഹുൽ സ്ഥാപിച്ച ശിലാഫലകം എടുത്തുമാറ്റിയിട്ടുണ്ട്. വീട് നിർമാണത്തിനുള്ള സാമഗ്രികൾ ഒന്നും എത്തിച്ചിട്ടില്ല. 100 വീടുകളുടെ നിര്‍മാണം പോലുള്ള വലിയ ഭവന പദ്ധതി ആരംഭിക്കുമ്പോൾ ആദ്യം വേണ്ടത് പദ്ധതി പ്രദേശം സ്ഥിതി ചെയ്യുന്ന തദ്ദേശ സ്ഥാപനത്തിൽ ലാൻഡ് ഡെവലപ്മെന്റിന് അപേക്ഷ നൽകുകയാണ്. പദ്ധതി പ്രദേശം നിലനിൽക്കുന്ന മേപ്പാടി പഞ്ചായത്തിൽ ചട്ടപ്രകാരമുള്ള ഇത്തരം ഒരു അപേക്ഷ നൽകിയിട്ടില്ല.

ലാൻഡ് ഡെവലപ്മെന്റിന്റെ അപേക്ഷ നൽകിയതിന് ശേഷമാണ് ഭൂമി തരംതിരിക്കലും ഇതിലേക്ക് വേണ്ട റോഡ് നിർമാണവുമെല്ലാം ആരംഭിക്കേണ്ടത്. ഇത്തരം പ്രവൃത്തി പൂർത്തീകരിച്ച ശേഷം ഗ്രാമപഞ്ചായത്തിൽ പൂർത്തീകരണ സാക്ഷ്യപത്രം നൽകണം. തുടർന്നാണ് കെട്ടിട നിർമാണത്തിന് അപേക്ഷ നൽകേണ്ടത്. എന്നാൽ ഇത്തരം ഒരു നടപടിക്രമവും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് മേപ്പാടി ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ പറയുന്നത്.

ദുരന്തത്തിന് ശേഷം രാഹുൽ ഗാന്ധി 100 വീടുകളും കെ പി സി സി 100 വീടുകളും യൂത്ത് കോൺഗ്രസ്സ് 30 വീടുകളുമാണ് പ്രഖ്യാപിച്ചത്. എന്നാൽ നിലവിൽ എല്ലാം ചേർത്ത് ഇപ്പോൾ നിർമിക്കുന്നത് 100 വീടുകളാണെന്നാണ് കോൺഗ്രസ്സ് നേതൃത്വം പറയുന്നത്.
വീടുകളുടെ ഗുണഭോക്താക്കളായി ആരെയാണ് കണ്ടെത്തിയതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ദുരന്തം നേരിട്ട് ബാധിച്ചവരെല്ലാം സർക്കാറിന്റെയും മുസ്‍ലിം ലീഗ് അടക്കമുള്ള മറ്റ് സംഘടനകളുടെയും ഭവന പദ്ധതി ലിസ്റ്റിലുണ്ട്.

ദുരന്തം നേരിട്ട് ബാധിച്ചില്ലെങ്കിലും വീടുകളും മറ്റ് ഉപജീവന മാർഗങ്ങളുമില്ലാത്തവരും പാടികളിലും മറ്റും കഴിയുന്നവരുമായ നിരവധി പേർ പ്രദേശത്തുണ്ട്. ഇത്തരക്കാരെ ഉൾപ്പെടുത്തി ഗുണഭോക്തൃ പട്ടികയുണ്ടാക്കുമെന്നാണ് കോൺഗ്രസ്സ് നേതൃത്വം പറയുന്നത്.

പ്രവൃത്തി ഇനിയും ആരംഭിക്കാത്തതിൽ പ്രവര്‍ത്തകർക്കിടയിൽ പോലും അമർഷമുണ്ട്. തിരഞ്ഞെടുപ്പിൽ വിഷയം വലിയ ചർച്ചയാക്കാൻ ഒരുങ്ങുകയാണ് എൽ ഡി എഫും എൻ ഡി എയും. നിർമാണം എന്ന് തുടങ്ങുമെന്ന കാര്യത്തിൽ വ്യക്തമായി മറുപടി നൽകാൻ കോൺഗ്രസ്സ് നേതൃത്വം തയ്യാറാകുന്നില്ല. പദ്ധതിയുടെ ലേഔട്ട് തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നാണ് കോൺഗ്രസ്സ് ജില്ലാ നേതൃത്വം പറയുന്നത്.